അകത്തിരുന്ന് കഴിക്കാം; ചൊവ്വാഴ്ച മുതല്‍ ഹോട്ടലുകളും മാളുകളും തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍

റസ്‌റ്റോറന്റുകള്‍ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം.
അകത്തിരുന്ന് കഴിക്കാം; ചൊവ്വാഴ്ച മുതല്‍ ഹോട്ടലുകളും മാളുകളും തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിനു തുറക്കാമെങ്കിലും അന്ന് സ്ഥാപനം അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ചായക്കടകള്‍, ജൂസ് കടകള്‍ എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങള്‍  വിളമ്പുന്ന പാത്രങ്ങള്‍ നല്ല ചൂട് വെള്ളത്തില്‍ കഴുകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. റസ്‌റ്റോറന്റുകള്‍ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ പൊതുനിബന്ധനകള്‍ക്ക് പുറമേ ഹോം ഡലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോം ഡലിവറിക്ക് പോകുന്നവരുടെ താപപരിശോധന നടത്തണം.

താമസിക്കാനുള്ള ഹോട്ടലുകള്‍

1. സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതാണ്.

2. ഹാജരാകുന്ന സ്റ്റാഫിനും ഗസ്റ്റുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകരുത്.

3. സ്റ്റാഫും ഗസ്റ്റും ഹോട്ടലില്‍ ഉള്ള മുഴുവന്‍ സമയവും മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം.

4. അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശത്തിന് പ്രത്യേകം സംവിധാനമുണ്ടാകണം. പല ഹോട്ടലുകളിലും ഈ സംവിധാനം ഇല്ല. എന്നാലും, ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും ഒരേ സമയത്താകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

5. ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. അകലം പാലിക്കണം. എസ്കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കേണ്ടതാണ്.

6. അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനില്‍ നല്‍കണം.

7. പേമെന്‍റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ വാങ്ങേണ്ടതാണ്. സ്പര്‍ശനം ഒഴിവാക്കുന്ന രീതിയിലായിരിക്കണം.

8. ലഗേജ് അണുവിമുക്തമാക്കണം.

9. കണ്ടെയ്മെന്‍റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം.

10. റൂം സര്‍വ്വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം.

11. റൂമിന്‍റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വയ്ക്കണം. താമസക്കാരുടെ കൈയില്‍ നേരിട്ട് നല്‍കരുത്.

12. എയര്‍ കണ്ടീഷണര്‍ 24-30 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിപ്പിക്കണം.

13. പരിസരവും ശൗചാലയങ്ങളും അണുമുക്തമാക്കണം.

14. കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും അടച്ചിടണം.

റസ്റ്റാറന്‍റുകള്‍

റസ്റ്റോറന്‍റുകള്‍ തുറന്ന് ആളുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍, പൊതു നിബന്ധനകള്‍ക്കു പുറമെ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മെനു കാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ചശേഷം നശിപ്പിക്കുന്ന രീതിയില്‍ ഡിസ്പോസിബിള്‍ വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കണം. തുണികൊണ്ടുള്ള നാപ്കിനുകള്‍ക്കു പകരം പേപ്പര്‍ നാപ്കിനുകള്‍ ഉപയോഗിക്കണം.

റസ്റ്റോറന്‍റുകളില്‍ ഭക്ഷണം വിളമ്പുന്നവര്‍ മാസ്കും കൈയുറയും ധരിക്കണം.

ഷോപ്പിങ് മാളുകള്‍

ഫുഡ് കോര്‍ട്ടുകളിലും റസ്റ്റാറന്‍റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

ജീവനക്കാര്‍ മാസ്കും കൈയുറകളും ധരിക്കണം.

ഡിജിറ്റല്‍ മോഡിലൂടെയുള്ള പണം സ്വീകരിക്കല്‍ പ്രോത്സാഹിപ്പിക്കണം.

എല്ലാ ടേബിളുകളും ഉപഭോക്താവ് പോയതിനുശേഷം അണുമുക്തമാക്കണം.

മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം.

കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും തുറക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com