ഇന്നു പരിസ്ഥിതി ദിനം; കേരളം നടുന്നത് ഒരുകോടി ഒന്‍പതു ലക്ഷം വൃക്ഷത്തൈകള്‍

ഇന്നു പരിസ്ഥിതി ദിനം; കേരളം നടുന്നത് ഒരുകോടി ഒന്‍പതു ലക്ഷം വൃക്ഷത്തൈകള്‍
ഇന്നു പരിസ്ഥിതി ദിനം; കേരളം നടുന്നത് ഒരുകോടി ഒന്‍പതു ലക്ഷം വൃക്ഷത്തൈകള്‍

തിരുവനന്തപുരം: ഈ വര്‍ഷം ഒരുകോടി ഒന്‍പതു ലക്ഷം വൃക്ഷത്തൈകള്‍ നട്ടാണ് കേരളം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് 81 ലക്ഷം തൈകള്‍ നടും. ജൂലൈ ഒന്നു മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ നടും. 'ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍' എന്ന ശീര്‍ഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കൃഷി രീതികളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുതാനായി ആവിഷ്‌കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഈ പദ്ധതിക്കായി അടുത്ത ഒരുവര്‍ഷം 3680 കോടി രൂപയാണ് ചെലവിടുക. പ്രകൃതി വിഭവങ്ങള്‍ വിവേകപൂര്‍വം വിനിയോഗിച്ചും അവയുടെ തുല്യവിതരണം ഉറപ്പാക്കിയും മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. അതിനായി ഈ പരിസ്ഥിതി ദിനാചരണം നമുക്ക് കൂടുതല്‍ ഊര്‍ജം പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണമാണ് ഇപ്രാവശ്യത്തെ പരിസ്ഥിതി ദിന സന്ദേശം. ജൈവ വൈവിദ്ധ്യ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിനു അനിവാര്യമാണ്.
കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുക, വനവല്‍ക്കരണം ഊര്‍ജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഹരിത കേരളം മിഷന്‍ നടപ്പിലാക്കി. മിഷന്റെ നേതൃത്വത്തില്‍ 201617 വര്‍ഷം 86 ലക്ഷം വൃക്ഷത്തൈകള്‍ കേരളത്തില്‍ നട്ടു.
2017-18ല്‍ ഒരു കോടി, 2018-19ല്‍ രണ്ടു കോടി, 2019-20ല്‍ മൂന്നു കോടി എന്നിങ്ങനെ വൃക്ഷത്തൈകള്‍ നട്ടു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെ പ്രളയം തൈകളുടെ നിലനില്‍പ്പിനെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.   

ലോകത്തെ പിടിച്ചുകുലുക്കിയ പല മഹാമാരികളും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകര്‍ന്നവയാണ്. സാര്‍സ്, മെഴ്‌സ് തുടങ്ങി ഈയടുത്ത് സംഭവിച്ച നിപ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേയ്ക്ക് പകര്‍ന്നത്. പരിസ്ഥിതി നാശവും, കാലാവസ്ഥാ വ്യതിയാനവും ഒക്കെയാണ് ഇങ്ങനെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് രോഗാണുക്കള്‍ എത്തുന്നതിനു കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം രോഗങ്ങളെ തടയണമെങ്കില്‍ മനുഷ്യന്‍ അവന്റെ ആരോഗ്യം മാത്രം ശ്രദ്ധിച്ചാല്‍ പോരാ, അവന്‍ ജീവിക്കുന്ന പ്രകൃതിയുടേയും അതിലെ മറ്റു ജീവജാലങ്ങളുടേയും ആരോഗ്യം കൂടെ സംരക്ഷിക്കേണ്ടതായി വരും. ഏകലോകം ഏകാരോഗ്യം  എന്ന ആശയത്തെ മുന്‍ നിര്‍ത്തിയാകണം ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com