ഇന്ന് വൈകുന്നേരത്തിന് മുമ്പ് സ്ഥാനം രാജിവെയ്ക്കണം, അല്ലെങ്കിൽ അവിശ്വാസപ്രമേയം ; ജോസ് പക്ഷത്തിന് അന്ത്യശാസനവുമായി പി ജെ ജോസഫ്

പുതിയ  പ്രസിഡന്റിനെ യുഡിഎഫ് ചേര്‍ന്ന് തെരഞ്ഞെടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു
ഇന്ന് വൈകുന്നേരത്തിന് മുമ്പ് സ്ഥാനം രാജിവെയ്ക്കണം, അല്ലെങ്കിൽ അവിശ്വാസപ്രമേയം ; ജോസ് പക്ഷത്തിന് അന്ത്യശാസനവുമായി പി ജെ ജോസഫ്

ഇടുക്കി: കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോൺ​ഗ്രസിലെ തർക്കം യുഡിഎഫിൽ പുതിയ പ്രതിസന്ധിയായി.  ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് ഭീഷണിയല്ല. ജോസ് കെ മാണി വിഭാ​ഗത്തിന് നല്‍കിയ സമയമാണ്. പുതിയ  പ്രസിഡന്റിനെ യുഡിഎഫ് ചേര്‍ന്ന് തെരഞ്ഞെടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. അതേ സമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനില്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി വിഭാഗം.

കോട്ടയം പോലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല വേരോട്ടമുള്ളയിടത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് ഗ്രൂപ്പിന് പിടിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് എന്തിനിത്ര വെമ്പല്‍കൊള്ളുന്നുവെന്നാണ് ജോസ് പക്ഷം ചോദിക്കുന്നത്.

ജോസഫ് പക്ഷത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാൻ നേരത്തെ യുഡിഎഫിൽ ധാരണയുണ്ടായിരുന്നു. എന്നാല്‍ നിര്‍ണായക രാഷ്ട്രീയ ഘട്ടങ്ങളിലെല്ലാം മുന്നണിമാറ്റമെന്ന ഭീഷണി ഉയര്‍ത്തുന്ന ജോസഫിനു മുന്നില്‍ യുഡിഎഫ്. വഴങ്ങരുതെന്ന് ജോസ് കെ മാണി പക്ഷം ആവശ്യപ്പെട്ടു. നിലവിലില്ലാത്ത കരാര്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ അധാര്‍മികതയാണെന്നും അവർ ചൂണ്ടിക്കാട്ടി.

പി ജെ ജോസഫ് വിഭാ​ഗം അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഇടതുമുന്നണി ജോസ് കെ മാണി പക്ഷത്തെ പിന്തുണച്ചേക്കും. ഇടതു പിന്തുണയോടെ അവിശ്വാസം വിജയിച്ചാൽ ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫിൽ തുടരുക ദുഷ്കരമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com