ഒറ്റദിനം മൂന്ന് മരണം; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1588 ആയി ; ആശങ്ക

കോവിഡ് ബാധിച്ച് മരിച്ചവരുടെയും രോഗബാധിതരുടെയും ഒറ്റദിവസത്തെ കണക്കില്‍ ഇന്നലെ റെക്കോഡാണ് രേഖപ്പെടുത്തിയത്
ഒറ്റദിനം മൂന്ന് മരണം; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1588 ആയി ; ആശങ്ക

തിരുവനന്തപുരം :  കഴിഞ്ഞദിവസങ്ങളില്‍ ചികില്‍സയിലിരിക്കെ മരിച്ച മൂന്നുപേരുടെ കൂടി മരണകാരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 14 ആയി. ഇന്നലെ മാത്രം 94 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയും രോഗബാധിതരുടെയും ഒറ്റദിവസത്തെ കണക്കില്‍ ഇന്നലെ റെക്കോഡാണ് രേഖപ്പെടുത്തിയത്.

അബുദാബിയില്‍ നിന്നും തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ് (27), കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യര്‍ ( 65), ചെന്നൈയില്‍ നിന്നും പാലക്കാട്ടെത്തിയ, പാലക്കാട് മണ്ണമ്പറ്റ ചെട്ടിയാംകുന്ന് താഴത്തേതില്‍ വീട്ടില്‍ പരേതനായ ബാലഗുപ്തന്റെ ഭാര്യ മീനാക്ഷിയമ്മാള്‍ (74) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ചയാണ് മീനാക്ഷിയമ്മാള്‍ പ്രമേഹം മൂര്‍ച്ഛിച്ച് മരിച്ചത്. കൂനംമൂച്ചി സ്വദേശി ഹാരിസിന്റെ ഭാര്യ ഷബ്‌നാസ് രക്താര്‍ബുദ ചികില്‍സയിലായിരുന്നു. ഗള്‍ഫില്‍ നിന്നും അര്‍ബുദ ചികില്‍സയ്ക്കായി നാട്ടിലെത്തിയ ഷബനാസ്, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.  ശ്വാസതടസ്സം നേരിട്ട സേവ്യറിനെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ 94 പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്, പാലക്കാട് ഏഴ്, കണ്ണൂർ ആറ്, കോട്ടയം അഞ്ച്, തിരുവനന്തപുരം അഞ്ച്, തൃശൂർ നാല്, എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. രോഗം ബാധിച്ചവരിൽ 47 പേര്‌ വിദേശത്ത് നിന്ന് വന്നതാണ്. 37 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്.

ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1588 ആയി.  884 പേർ ചികിൽസയിലാണ്. രോ​ഗികളുടെ എണ്ണത്തിലും മരണത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടായതോടെ ആരോ​ഗ്യവിദ​ഗ്ധർ കടുത്ത ആശങ്കയിലാണ്. പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്. സമ്പർക്കത്തിലൂടെയുള്ള രോ​ഗബാധ കുറവായതിനാൽ, സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com