കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഞായറാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച  തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മധ്യ പടിഞ്ഞാർ അറബിക്കടലിലും തെക്ക് പടിഞ്ഞാർ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും ശനിയാഴ്ച ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവടങ്ങളിലും ഞായറാഴ്ച തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ മേഖലയിലും മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com