'ജില്ലയുടെ പേര് മാറിയതിന്റെ പേരില്‍ മുന്‍ കേന്ദ്രമന്ത്രിക്ക് എതിരെ കേസെടുത്തു'; നഗ്നമായ പ്രീണനമെന്ന് സുരേന്ദ്രന്‍

പാലക്കാട് ആന ചെരിഞ്ഞ സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയ മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് എതിരെ കോസെടുത്തതിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
'ജില്ലയുടെ പേര് മാറിയതിന്റെ പേരില്‍ മുന്‍ കേന്ദ്രമന്ത്രിക്ക് എതിരെ കേസെടുത്തു'; നഗ്നമായ പ്രീണനമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: പാലക്കാട് ആന ചെരിഞ്ഞ സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയ മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് എതിരെ കോസെടുത്തതിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജില്ലയുടെ പേര് മാറിപ്പോയതിന്റെ പേരില്‍ മുന്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കുന്നത്  ലോകം മുഴുവന്‍ ഞെട്ടിത്തരിച്ച ക്രൂരതയെ വഴിതിരിച്ചു വിട്ട് വിഷയം മാറ്റാനാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മേനക ഗാന്ധി മലപ്പുറം എന്ന് പറഞ്ഞത്. മതതീവ്രവാദികളും ലെഫ്റ്റ് ലിബറലുകളും കേരളത്തില്‍ പരക്കെ നടത്തുന്ന വിദ്വേഷപ്രചരണങ്ങളില്‍ കേസെടുക്കാത്ത പൊലീസാണ് ജില്ലയുടെ പേര് മാറിയതിന്റെ പേരില്‍ മുന്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

സര്‍ക്കാരിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറം എന്ന പേര് കേള്‍ക്കുമ്പോഴേക്കും കേരളത്തിന്റെ സ്വത്വത്തിന് മുറിവേല്‍ക്കുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. നാടിനെ നടുക്കിയ ഒരു കൊടുംക്രൂരതയെ പോലും നഗ്‌നമായ വര്‍ഗീയ പ്രീണനത്തിന് ഉപയോഗിക്കുന്ന തരത്തില്‍ കേരള സര്‍ക്കാര്‍ അധപതിച്ചു.

ഗര്‍ഭിണിയായ ആനയെ ക്രൂരമായി വധിച്ചവര്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നവരാണ് ഇപ്പോള്‍ മലപ്പുറത്തെ അപമാനിച്ചെന്ന് മുറവിളികൂട്ടുന്നത്. ഇത് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും പൊലീസിന്റെയും കഴിവുകേട് മറയ്ക്കാനാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com