പൊലീസിനെ പ്രൊഫഷണല്‍ ആക്കിയാല്‍ പിന്നെ രാഷ്ട്രീയ സ്വാധീനം നടക്കാതാവും; തുറന്നുപറഞ്ഞ് എ ഹേമചന്ദ്രന്‍

പൊലീസിനെ പ്രൊഫഷണല്‍ ആക്കിയാല്‍ പിന്നെ രാഷ്ട്രീയ സ്വാധീനം നടക്കാതാവും; തുറന്നുപറഞ്ഞ് എ ഹേമചന്ദ്രന്‍
എ ഹേമചന്ദ്രന്‍/വിന്‍സെന്റ് പുളിക്കല്‍, എക്‌സ്പ്രസ്‌
എ ഹേമചന്ദ്രന്‍/വിന്‍സെന്റ് പുളിക്കല്‍, എക്‌സ്പ്രസ്‌

കൊച്ചി: പൊലീസിനെ പ്രൊഫഷണലായി വളര്‍ത്തിയെടുത്താല്‍ 'രാഷ്ട്രീയ സ്വാധീനം' നടക്കാതാവുമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി എ ഹേമചന്ദ്രന്‍. വര്‍ഗീയത, ക്രിമിനലിസം എന്നിവയില്‍നിന്നൊക്കെ പൊലീസിനെ മാറ്റിനിര്‍ത്താന്‍ വേണ്ടത് സേനയെ പ്രൊഫഷണല്‍ ആക്കുകയാണ്. അതു സാധിക്കാത്തിടത്തോളം പൊലീസ് സേനയില്‍ പലതരം സ്വാധീനങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുപ്പത്തിനാലു വര്‍ഷത്തെ സേവനത്തിനു ശേഷം ഐപിഎസില്‍നിന്നു വിരമിച്ച അദ്ദേഹം സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

മനുഷ്യനെ ലോകത്ത് എവിടെയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ കേരളത്തിലും സ്വാധീനിക്കും. പ്രൊഫഷണലായി ജനാധിപത്യപരമായ പൊലീസിങ് മൂല്യങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ നമുക്ക് ഇനിയും മുന്നോട്ടു പോകാനുണ്ട്. അത് സാധിക്കാത്തിടത്തോളം കാലം ഇങ്ങനെയുള്ള പലതരം സ്വാധീനങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. പ്രൊഫഷണലിസം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ സാധിക്കും. അങ്ങനെ വരുമ്പോഴുള്ള ഒരു 'പ്രശ്‌നം' കാലാകാലങ്ങളില്‍ ചെലുത്തുന്ന തെറ്റായ രാഷ്ട്രീയ സ്വാധീനവും നടക്കാതെ വരും എന്നതാണ്. തെറ്റായ രാഷ്ട്രീയ സ്വാധീനം പോലുള്ള ദൗര്‍ബ്ബല്യങ്ങള്‍ക്ക് വഴങ്ങുന്ന സാഹചര്യം വളര്‍ത്തിയെടുത്താല്‍ വര്‍ഗ്ഗീയവല്‍ക്കരണവും ക്രിമിനല്‍വല്‍ക്കരണവും പോലുള്ള ഏറ്റവും അപകടകരമായ സ്വാധീനങ്ങളും ബാധിക്കും. പ്രൊഫഷണലിസം വളര്‍ത്തിയെടുക്കുകയാണ് പരിഹാരം. എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ക്കു കൂടുതല്‍ സ്വാധീനം ഉണ്ടാകും. പക്ഷേ, മറ്റുള്ളവര്‍ക്ക് സ്വാധീനം ഇല്ലെന്നല്ല. പ്രാദേശികമായൊക്കെ പല വ്യത്യാസങ്ങളും വരും. കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നത് രാഷ്ട്രീയ അധികാരമുള്ളവര്‍ക്കാണ് എന്നു മാത്രമേയുള്ളു. ഉദ്യോഗസ്ഥ സമൂഹത്തില്‍ പ്രൊഫഷണലിസം വളര്‍ത്തിയെടുക്കണം; അതിനെ പിന്തുണയ്ക്കുന്ന അന്തരീക്ഷം രാഷ്ട്രീയ നേതൃത്വം സൃഷ്ടിക്കുകയും വേണം. അങ്ങനെ മാത്രമേ ആ ഒരു പ്രക്രിയയിലൂടെ മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. അല്ലാതെ നമുക്ക് അനുകൂലമായി തെറ്റായ ഒരു നടപടി സ്വീകരിക്കുമ്പോള്‍ അതു കൊള്ളാമെന്നു പറഞ്ഞാല്‍ നമുക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തും ഈ നടപടി ഉണ്ടാകും.

നിയമങ്ങളും ചട്ടങ്ങളുമൊക്കെ മാറ്റിവച്ചിട്ട്, അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍, ഒരു സര്‍വ്വീസിന്റെ ഭാഗമായിരിക്കുമ്പോള്‍ അഭിപ്രായം പറയുന്നതിനുള്ള വേദി ഉണ്ടാകണം. അവിടെ പറയണം; സ്വതന്ത്രമായി ആ വേദിയില്‍ അഭിപ്രായപ്രകടനം നടത്തണം. പക്ഷേ, പലപ്പോഴും കണ്ടുവരുന്നത് ആ വേദിയില്‍ കാര്യങ്ങള്‍ വേണ്ടവിധം പറയുന്നില്ല എന്നാണ്. മന്ത്രിമാര്‍ നടത്തുന്ന യോഗങ്ങളെക്കുറിച്ചു മാത്രമല്ല ഞാനിതു പറയുന്നത്; ഉദ്യോഗസ്ഥ തലത്തില്‍ നടത്തുന്ന യോഗങ്ങളില്‍ സ്വതന്ത്രമായി, നേതൃത്വത്തിലിരിക്കുന്ന ആള്‍ക്ക് അല്ലെങ്കില്‍ കേള്‍ക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുമോ എന്നു ചിന്തിച്ച് ഭയപ്പെടാതെ അപ്രിയ സത്യങ്ങളും പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. ഉള്ളില്‍നിന്ന് ഒരുമിച്ച് ഒരു തീരുമാനമെടുത്ത ശേഷം പുറത്തുവന്ന് എന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു എന്നു പറയുന്ന രീതി സ്വീകരിച്ചാല്‍ ഏതു സംവിധാനമായാലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ വലിയ തോതില്‍ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറാകുന്ന അനുഭവമാണ് എനിക്കുണ്ടായിട്ടുള്ളത്. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയുന്ന രീതിയാണ് ഞാന്‍ സ്വീകരിച്ചിട്ടുമുള്ളത്. അനാവശ്യ വിധേയത്വമില്ലാതെ, അനാവശ്യ വൈകാരികത ഒഴിവാക്കി വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറയുന്നതാണ് ആരോഗ്യകരമായ രീതി. കേള്‍ക്കുന്ന ആള്‍ക്ക് ഇഷ്ടമായാലും അല്ലെങ്കിലും. അങ്ങനെയൊരു രീതി വളര്‍ത്തിയെടുക്കണം. അല്ലാതെ ഒരു സംവിധാനത്തിന്റെ ഭാഗമായിരിക്കുകയും ഉള്ളില്‍നിന്നുകൊണ്ടുതന്നെ തീരുമാനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നത് നല്ലതല്ല.

ജനാധിപത്യത്തില്‍ സൂപ്പര്‍ ഹീറോകള്‍ക്ക് പ്രസക്തിയില്ല. ജനാധിപത്യവും സൂപ്പര്‍ ഹീറോയിസവും ഒന്നിച്ചു പോകില്ല. ശരിയായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓരോരുത്തര്‍ക്കും അവരുടേതായ പങ്കുണ്ട്. അല്ലാതെ സൂപ്പര്‍മാനെപ്പോലുള്ള രക്ഷകര്‍ക്ക് പങ്കില്ല- അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

എ ഹേമചന്ദ്രനുമായുള്ള അഭിമുഖം പുതിയ ലക്കം മലയാളം വാരികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com