ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നില്ല; മുന്നണി ബന്ധം നയപരമായി യോജിപ്പുള്ളവരോട് മാത്രമെന്ന് കോടിയേരി

യുഡിഎഫിന്റെ കൂടെയുള്ള കക്ഷികളെ ചാക്കിട്ടുപിടിക്കാനോ കാലുവാരാനോ എല്‍ഡിഎഫ് ശ്രമിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നില്ല; മുന്നണി ബന്ധം നയപരമായി യോജിപ്പുള്ളവരോട് മാത്രമെന്ന് കോടിയേരി

തിരുവനന്തപുരം: യുഡിഎഫിന്റെ കൂടെയുള്ള കക്ഷികളെ ചാക്കിട്ടുപിടിക്കാനോ കാലുവാരാനോ എല്‍ഡിഎഫ് ശ്രമിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി, പി ജെ ജോസ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നുള്ള യുഡിഎഫ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് പക്ഷങ്ങള്‍ ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എല്‍ഡിഎഫ് കെട്ടുറപ്പുള്ള മുന്നണിയാണ്. യുഡിഎഫിന്റെ കൂടെയുള്ള കക്ഷികളെ ചാക്കിട്ടുപിടിക്കാനോ കാലുവാരാനോ ശ്രമിക്കുന്നില്ല. ഇടതുപക്ഷത്തിന് യുഡിഎഫിനെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്തും ബഹുജന പിന്തുണയുമുണ്ട്. യുഡിഎഫിന് അകത്തുള്ള സംഘര്‍ഷം മറച്ചുവയ്ക്കാനാണ് ഉമ്മന്‍ചാണ്ടി സിപിഎമ്മിന് എതിരെ പ്രസ്താവന നടത്തിയത്. 

നയപരമായി യോജിപ്പുള്ളവരുമായി മാത്രമേ എല്‍ഡിഎഫ് മുന്നുണിയുണ്ടാക്കുകയുള്ളു. അത്തരത്തില്‍ നയപരമായ എന്തെങ്കിലും പ്രശ്‌നം ജോസഫിന്റെയോ ജോസ് കെ മാണിയുടെയോ ഭാഗത്ത് നിന്ന് ഉന്നയിച്ചിട്ടില്ല. അപ്പുറത്തെ മുന്നണിയില്‍ നിന്ന് വിലപേശല്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. രാഷ്ട്രീയ നിലപാട് സ്വീകരിച്ച് വ്യക്തത വരുത്താന്‍ കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തയ്യാറായിട്ടില്ല. തങ്ങളുമായി ആരും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് എല്‍ഡിഎഫ് ഒരു ശ്രമവും നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രസര്‍ക്കാരിന് എതിരെ സിപിഎം സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രനയങ്ങള്‍ക്ക് എതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ട് അപര്യാപ്തമാണെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com