തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം ; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായിട്ടെന്ന് സൂചന

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷകരില്‍ ഇരട്ടിപ്പുണ്ട്. ഇത് ഒഴിവാക്കിയും തെറ്റുകള്‍ തിരുത്തിയുമാണ് പ്രസിദ്ധീകരിക്കുക
തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം ; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായിട്ടെന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടന്നേക്കും. രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. കോവിഡ് രോഗബാധ തുടരുകയാണെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചും മുന്‍കരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.

സെപ്റ്റംബറില്‍ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം ശനിയാഴ്ച തീരുമാനിക്കും. നവംബര്‍ 12നുമുമ്പ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷകരില്‍ ഇരട്ടിപ്പുണ്ട്. ഇത് ഒഴിവാക്കിയും തെറ്റുകള്‍ തിരുത്തിയുമാണ് പ്രസിദ്ധീകരിക്കുക. വീണ്ടും പിഴവുകള്‍ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂര്‍ണമായും തിരുത്തും. പേരുചേര്‍ക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കിയേക്കും.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ടുദിവസത്തെ ഇടവേളകളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. ഓരോ ഘട്ടത്തിലും ഏഴു ജില്ലകള്‍ക്കുവീതമാണ് വോട്ടെടുപ്പ്.

സംവരണവാര്‍ഡുകളിലെല്ലാം മാറ്റമുണ്ടാകും. മട്ടന്നൂര്‍ നഗരസഭയില്‍ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാത്തതിനാലാണ് അവിടെ തെരഞ്ഞെടുപ്പ് നടത്താത്തത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നുവെച്ചു. 14 ജില്ലാ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റി, 6 കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com