ദേവികയുടെ മരണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും, മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്തുക ലക്ഷ്യം

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ദേവികയുടെ മരണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും, മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്തുക ലക്ഷ്യം

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ വി സന്തോഷ് അന്വേഷണത്തിന് നേതൃത്വം നല്‍കും.

ദേവികയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുകാരും ഇതില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നത്. നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള ലോക്കല്‍ പൊലീസാണ് അന്വേഷിക്കുന്നത്. എന്നാല്‍ മരണ കാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്ത് എന്ന് അറിയാന്‍ സര്‍ക്കാരിനും താത്പര്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദമായി അന്വേഷിക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി കൊണ്ട് ഉത്തരവിറക്കിയത്. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസ് താത്കാലികമായി ആരംഭിച്ചത്. ഇതിന്റെ തുടക്കത്തില്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുളള മനോവിഷമം കൊണ്ട് ഒരു വിദ്യാര്‍ഥിനി ജീവനൊടുക്കിയത് വിവിധ തലങ്ങളില്‍ നിന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായി. ഈ പശ്ചാത്തലത്തിലാണ് മരണ കാരണം കൃത്യമായി അറിയാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.

വിദ്യാര്‍ഥിനിയുടെ ബുക്കില്‍ നിന്ന് ഞാന്‍ പോകുന്നു എന്ന് മാത്രം എഴുതിയിരുന്ന ഒരു ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ഥിനി തന്നെ എഴുതിയതാണ് എന്നാണ് പൊലീസ് കരുതുന്നത്. അത്തരത്തില്‍ മറ്റ് ഏതെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഉണ്ടോ എന്നത് അടക്കമുളള കാര്യങ്ങള്‍ അറിയാന്‍ കൂടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ  പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ്  തീകൊളുത്തി മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com