ആഴ്ചയിൽ രണ്ടായിരം രൂപയുടെ മദ്യം ; 15 പവൻ വിറ്റ് മദ്യപാനം ; ഉത്രയുടെ സ്വർണ്ണം ധൂർത്തിന് ചെലവഴിച്ചെന്ന് സൂരജിന്റെ മൊഴി

പൂർണമായും സ്വന്തം ആവശ്യത്തിനായാണ് സ്വർണം വിറ്റതെന്നാണ് സൂരജിന്റെ മൊഴി
ആഴ്ചയിൽ രണ്ടായിരം രൂപയുടെ മദ്യം ; 15 പവൻ വിറ്റ് മദ്യപാനം ; ഉത്രയുടെ സ്വർണ്ണം ധൂർത്തിന് ചെലവഴിച്ചെന്ന് സൂരജിന്റെ മൊഴി

കൊല്ലം : കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, മരിച്ച ഉത്രയുടെ സ്വർണം വിറ്റ് മദ്യപാനത്തിനും ധൂർത്തിനുമായി ചെലവിട്ടെന്ന് പ്രതിയായ ഭർത്താവ് സൂരജിന്റെ മൊഴി. ഉത്രയുടെ 15 പവൻ സ്വർണ്ണമാണ് ഇത്തരത്തിൽ ധൂർത്തടിക്കാനായി വിറ്റത്. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു വിറ്റതെന്നും സൂരജ് പൊലീസിനോട് പറഞ്ഞു.

പൂർണമായും സ്വന്തം ആവശ്യത്തിനായാണ് സ്വർണം വിറ്റതെന്നാണ് സൂരജിന്റെ മൊഴി. അടൂരിലെ ബാറിൽ നിന്ന് എല്ലാ ആഴ്ചയിലും രണ്ടായിരത്തോളം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നതായും സൂരജ് അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ജ്വല്ലറിയിൽ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സൂരജിന്റെ മൊഴി സത്യമാണെന്ന് സ്ഥിരീകരിച്ചു.

കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ്, ലോക്കറിൽ നിന്നെടുത്ത സ്വർണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏൽപിച്ചത്. ഈ സ്വർണം സൂരജിന്റെ പിതാവ് സുരേന്ദ്രൻ  വീട്ടുപരിസരത്തെ റബർ തോട്ടത്തിൽ കവറുകളിലാക്കി സ്വർണം കുഴിച്ചിട്ടു. 38.5 പവൻ തോട്ടത്തിൽനിന്നും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

വിവാഹദിവസം നൽകിയ 96 പവൻ ഉൾപ്പെടെ 100 പവനോളം സ്വർണമാണ് ഉത്രയുടെ വീട്ടുകാർ നൽകിയത്. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതിൽ നിന്ന് 21 പവൻ ഉത്രയുടെ വീട്ടുകാർ വാങ്ങി പണയംവച്ചു പണം നൽകിയിരുന്നു. ബാക്കി സ്വർണത്തിൽ 10 പവൻ ബാങ്ക് ലോക്കറിൽനിന്നും 6 പവൻ അതേ ബാങ്കിൽ പണയം വച്ച നിലയിലും കണ്ടെത്തി. ഉത്രയുടെ സ്വർണാഭരണത്തിൽനിന്നു മാറ്റിയ മൂന്നര പവൻ കഴിഞ്ഞ ദിവസം വീട്ടുകാർ പൊലീസിനു കൈമാറിയിരുന്നു. ഇതോടെ ഉത്രയുടെ സ്വർണം ഏറെക്കുറെ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

14 ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം നാളെ സൂരജിനെ കോടതിയിൽ ഹാജരാക്കും. സൂരജിനെയും പാമ്പിനെ നൽകിയ ചാവർകോട് സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങുന്നതിനു വനംവകുപ്പ് നാളെ കോടതിയെ സമീപിക്കും. പാമ്പിനെ ദുരുപയോഗം ചെയ്തതിന് ഇരുവർക്കും എതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com