ന​ഗരപ്രദേശങ്ങളിൽ പള്ളികൾ തുറക്കരുത്; നിർദേശവുമായി കാന്തപുരം

മറ്റിടങ്ങളില്‍ കര്‍ശന നിയന്ത്രണം വേണം
ന​ഗരപ്രദേശങ്ങളിൽ പള്ളികൾ തുറക്കരുത്; നിർദേശവുമായി കാന്തപുരം

കോഴിക്കോട്: ന​ഗരപ്രദേശങ്ങളിൽ പള്ളികള്‍ തുറക്കേണ്ടെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍. മറ്റിടങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു. സുന്നി എപി വിഭാഗം പള്ളികള്‍ക്ക് നിര്‍ദേശം ബാധകമാകും.

മലപ്പുറം മമ്പുറം മഖാം തൽക്കാലം തുറക്കേണ്ടതില്ലെന്ന് ഭാരവാഹികൾ. ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെത്തുന്ന തീർത്ഥാടനകേന്ദ്രമായതിനാൽ രോഗവ്യാപന സാധ്യത മുന്നിൽ കണ്ടാണ് തീരുമാനമെന്ന് മഖാം ഭാരവാഹികൾ അറിയിച്ചു.

എറണാകുളം ജില്ലയിലെ മുസ്‌ലിം പള്ളികള്‍ തുടര്‍ന്നും അടച്ചിടാന്‍ വിവിധ മുസ്ലീം ജമാഅത്തുകളുടെ യോഗത്തില്‍ ഇന്നലെ തീരുമാനമെടുത്തിരുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നാടിന്റെ പൊതുനന്മയ്ക്കായി സമൂഹപ്രാര്‍ഥന ത്യജിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു.

സിറോമലബാർ സഭ അങ്കമാലി അതിരൂപതയിയ്ക്ക് കീഴിലെ പള്ളികൾ ഈ മാസം 30 വരെ തുറക്കില്ല. അങ്കമാലി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റേതാണ് തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി.

വ്യക്തിപരമായ പ്രാർഥനയ്ക്കായി ദേവാലയങ്ങൾ തുറന്നിടാമെന്നും അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതിരൂപതയിലെ ആലോചനാ സമിതി അംഗങ്ങളും ഫൊറോനാ വികാരിമാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

കോവിഡ് പശ്ചാത്തലത്തില്‍ പള്ളികള്‍ തുറക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിശ്വാസികളുടെ സംഘടന രംഗത്തെത്തിയിരുന്നു. പള്ളികള്‍ തുറക്കരുതെന്ന് കാണിച്ച് അതിരൂപത സംരക്ഷണ സമിതി ബിഷപ്പിന് കത്തു നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com