പതിനഞ്ച് രൂപയ്ക്ക് പത്ത് കിലോ അധിക അരി ഇന്ന് മുതല്‍; ഒറ്റദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിയേക്കും

37,000 റേഷന്‍ കാര്‍ഡുകളാണു ലോക്ഡൗണ്‍ കാലത്ത് സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്രകാരം നല്‍കിയത്
പതിനഞ്ച് രൂപയ്ക്ക് പത്ത് കിലോ അധിക അരി ഇന്ന് മുതല്‍; ഒറ്റദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിയേക്കും

തിരുവനന്തപുരം: അപേക്ഷിച്ച് ഒറ്റദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നു. ഇത്തരത്തില്‍ വിതരണം ചെയ്ത കാര്‍ഡുകളില്‍ നിലവിലെ കാര്‍ഡുകളില്‍ അംഗങ്ങളായവര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന സംശയമാണു കാരണം.

37,000 റേഷന്‍ കാര്‍ഡുകളാണു ലോക്ഡൗണ്‍ കാലത്ത് സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്രകാരം നല്‍കിയത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും പ്രദേശവാസിയാണെന്നു തെളിയിക്കുന്ന സ്ഥലം കൗണ്‍സിലറുടെയോ പഞ്ചായത്ത് അംഗത്തിന്റെയോ സത്യവാങ്മൂലവും ഫോണ്‍ നമ്പറും നല്‍കിയാല്‍ താലൂക്ക് സപ്ലൈസ് ഓഫിസുകള്‍/സിറ്റി റേഷനിങ് ഓഫിസുകള്‍ വഴി കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവിലുള്ള റേഷന്‍ കാര്‍ഡ് ഉടമകളില്‍ 90% പേരും ആധാറുമായി ലിങ്ക് ചെയ്തവരാണെങ്കിലും കാര്‍ഡിലെ അംഗങ്ങളെല്ലാം ഇപ്രകാരം ചെയ്തിട്ടില്ല. അതിനാല്‍ നിലവില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ പുതിയ കാര്‍ഡ് നേടിയോ എന്നു പരിശോധിക്കാന്‍ സംവിധാനമില്ല. താലൂക്ക് സപ്ലൈ ഓഫിസര്‍മാരും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പ്രാഥമിക അന്വേഷണം നടത്തിയാണു കാര്‍ഡ് നല്‍കുന്നതെങ്കിലും വിശദ അന്വേഷണം ലോക്ഡൗണിനിടെ സാധ്യമായിരുന്നില്ല. 

ഈ സാഹചര്യത്തിലാണു പദ്ധതി നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നത്. അതേസമയം, റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ മുഴുവന്‍ ആധാര്‍ ലിങ്കിങ് വകുപ്പിന്റെ പരിഗണനയിലാണ്. ഇതോടൊപ്പം റേഷന്‍ കാര്‍ഡ!് ഉടമകള്‍ക്ക് അവരുടെ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും സൗകര്യം ചെയ്യും.  

അതിനിടെ, മുന്‍ഗണനേതര വിഭാഗത്തിലെ പൊതുവിഭാഗം സബ്‌സിഡി (നീല കാര്‍ഡ്), പൊതുവിഭാഗം (വെള്ള കാര്‍ഡ്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കില്‍ ഇന്നു മുതല്‍ വിതരണം ചെയ്യും. മുന്‍ഗണന വിഭാഗത്തിലെ അന്ത്യോദയ അന്ന യോജന (എഎവൈ – മഞ്ഞ കാര്‍ഡ്), പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ്) വിഭാഗക്കാര്‍ക്ക് കേന്ദ്ര പദ്ധതിയായ പിഎംജികെഎവൈ പ്രകാരം ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല സൗജന്യമായി ലഭിക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിക്കാത്തവര്‍ക്ക് അതുകൂടി ചേര്‍ത്ത് ചേര്‍ത്ത് 3 കിലോ ലഭിക്കും. 21 മുതല്‍ ഇരുവിഭാഗത്തിലെയും കാര്‍ഡുകളിലെ ഓരോ അംഗത്തിനും സൗജന്യമായി 5 കിലോ അരി വീതം കേന്ദ്ര റേഷനായും ലഭിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com