കോപ്പിയടി ആരോപണം; കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താതിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോപ്പിയടി ആരോപണം; കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോട്ടയം: കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താതിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റിലാണ്  കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്‍ അഞ്ജു പി.ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. 20 വയസായിരുന്നു. പരീക്ഷ കഴിഞ്ഞ് ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കിടെ കുട്ടി ഹോള്‍ടിക്കറ്റില്‍ ഉത്തരങ്ങള്‍ എഴുതിവച്ചെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ പരീക്ഷയെഴുതാന്‍ കോളജ് അധികൃതര്‍ അനുവദിച്ചിരുന്നില്ല. കോളജില്‍ നിന്നിറങ്ങിയ കുട്ടി കോളജിന് തൊട്ട് സമീപത്തെ പാലത്തിലൂടെ കടന്നുപോകുന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.  വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാലത്തിന് സമീപത്ത് പെണ്‍കുട്ടിയുടെ ബാഗ് കണ്ടെത്തിയിരുന്നു. കുട്ടി പുഴയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ രണ്ടുദിവസമായി മിനച്ചിലാറ്റില്‍ പരിശോധന നടത്തിയിരുന്നു. 

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയാണ് അഞ്ജു. സര്‍വകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്. പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നുന്നു. ഇതേ തുടര്‍ന്നാണ് അഞ്ജുവിനെ കാണാതായതെന്നും നന്നായി പഠിക്കുന്ന തന്റെ മകള്‍ കോപ്പിയടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഷാജി പറഞ്ഞു. പൊലീസിനു നല്‍കിയ പരാതിയിലും ഇത് പറഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കില്‍ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കള്‍ ചോദിച്ചു. ശനിയാഴ്ച കാണാതായ കുട്ടിക്കുവേണ്ടി ഇന്നലെ മുഴുവന്‍ തെരച്ചില്‍ നടത്തി. ഇതുവരെ കോളേജ് അധികൃതരില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു പ്രതികരണവും ലഭിക്കാത്തതില്‍ രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.

എന്നാല്‍, മാതാപിതാക്കളുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കോളേജ് അധികൃതര്‍. വിദ്യാര്‍ഥിനിയെ കോപ്പിയടിച്ചതിനു പിടിച്ചിരുന്നു. പരീക്ഷയ്ക്ക് ശേഷം ഓഫീസ് മുറിയിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥിനി എത്തിയില്ലെന്നും നിര്‍ദേശം പാലിക്കാതെ ക്യാംപസ് വിട്ടു പുറത്തേക്ക് പോകുകയായിരുന്നെന്നും കോളേജ് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com