കോഴിക്കോട്ട് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ കുഴഞ്ഞുവീണു മരിച്ചു

ബംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു
കോഴിക്കോട്ട് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന്‍കോയയാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 58 വയസായിരുന്നു.

ഈ മാസം മൂന്നാം തിയ്യതിയാണ് ഇയാള്‍ ബംഗളുരൂവില്‍ നിന്ന് നാട്ടിലെത്തിയത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് ബിച്ചാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാള്‍ക്ക് പ്രമേഹവും കടുത്ത രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇയാളുടെ സ്രവം പരിശോധനയക്ക് അയച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയിലേക്ക് മാറ്റി

സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍ (87) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചയുടനെ മരിക്കുക ആയിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.എവിടെനിന്നാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തൃശ്ശൂര്‍ ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com