ക്ഷേത്രം തുറക്കല്‍ : ഹിന്ദു സംഘടനാ നേതാക്കളുടെ യോഗം വിളിക്കണം ; പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് കെ സുരേന്ദ്രന്‍

നിലവിലെ സ്ഥിതി നേരിടാന്‍ നിയന്ത്രണങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കണം
ക്ഷേത്രം തുറക്കല്‍ : ഹിന്ദു സംഘടനാ നേതാക്കളുടെ യോഗം വിളിക്കണം ; പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് കെ സുരേന്ദ്രന്‍

 തിരുവനന്തപുരം: ക്ഷേത്രം തുറക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ വിവിധ ഹിന്ദു സംഘടനാ നേതാക്കളുടെയും ആചാര്യ ശ്രേഷ്ഠരുടേയും യോഗം മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് ബിജെപി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.  

രോഗ വ്യാപനത്തിന്റെ തോത് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിരക്ക് പിടിച്ച് ക്ഷേത്രങ്ങള്‍ തുറക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് അന്തിത്തിരി കത്തിക്കാന്‍ പോലും വകയില്ലാത്ത ക്ഷേത്രങ്ങളെ സഹായിക്കാനാണ്. പ്രതിസന്ധിക്കാലത്ത് കേരളത്തില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ക്കാണ് വരുമാനം നിലച്ചത്. ഇവിടങ്ങളിലെ ജീവനക്കാര്‍ പട്ടിണിയിലാണ്.

എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. വരുമാനം നിലച്ച ക്ഷേത്രങ്ങള്‍ക്കും അവിടത്തെ ജീവനക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ അടിയന്തര തീരുമാനമുണ്ടാകണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഹൈന്ദവ നേതാക്കളുടെ യോഗം വിളിച്ചെങ്കിലും ക്ഷേത്രസംരക്ഷണ സിമിതി പോലെയുള്ള പ്രധാനപ്പെട്ട സംഘടനകളെ ഒഴിവാക്കി. മറ്റ് പല സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചതുമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചും പങ്കാളിത്തം ഉറപ്പാക്കിയും അടിയന്തരമായി മുഖ്യമന്ത്രി യോഗം വിളിക്കണം.

രോഗ വ്യാപനം ഇപ്പോള്‍ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും വലിയതോതില്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിരിക്കുന്നു. നിയന്ത്രണങ്ങള്‍ അപ്പാടെ എടുത്തുകളയുന്നത് ഇതുവരെ നമ്മള്‍ നേടിയെന്ന് അവകാശപ്പെടുന്ന രോഗപ്രതിരോധത്തെയാകെ ഇല്ലാതാക്കാനേ ഉപകരിക്കൂ. നിലവിലെ സ്ഥിതി നേരിടാന്‍ നിയന്ത്രണങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കണം. രോഗം നമ്മെ വിട്ടുപോയെന്ന് പറയാറാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന വിദഗ്ധാഭിപ്രായം സര്‍ക്കാര്‍ മാനിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com