പേര് ചേര്‍ക്കാന്‍ രണ്ട് അവസരം കൂടി; തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ജൂണ്‍ 17ന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് അവസരം ലഭിക്കും
പേര് ചേര്‍ക്കാന്‍ രണ്ട് അവസരം കൂടി; തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ജൂണ്‍ 17ന്


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍.  കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന ആവശ്യത്തിലേയ്ക്കാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകള്‍ 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 06 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക ജനുവരി 20 ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു.  വോട്ടര്‍പട്ടികയില്‍ പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകളും കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും മാര്‍ച്ച് 16 വരെ അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിച്ചിരുന്നു.  അവ സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിച്ച് അന്തിമ വോട്ടര്‍പട്ടിക കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മാര്‍ച്ച് 27 നും കാസര്‍ഗോഡ് ജില്ലയില്‍ ഏപ്രില്‍ 6 നും പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്.  രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടര്‍പട്ടികയുടെ പ്രസിദ്ധീകരണം നീട്ടി വച്ചിരുന്നു.
        
പൊതു തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ ഇതിനകം തന്നെ ആരംഭിച്ചിരിക്കുകയാണ്.  ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കന്ന അന്തിമ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പോളിംഗ് സ്‌റ്റേഷനുകളില്‍ ആവശ്യമായ പുന:ക്രമീകരണം വരുത്തേണ്ടതുണ്ട്. 

കരട് പട്ടിക സംബന്ധിച്ച് ലഭിച്ച  അപേക്ഷകളില്‍ ഇനിയും തീര്‍പ്പാക്കാനുള്ളവ ജൂണ്‍ 15 നകം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുടര്‍നടപടി സ്വീകരിക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  അത്തരം അപേക്ഷകള്‍ സംബന്ധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവ ജൂണ്‍ 09 മുതല്‍ 11 വരെ വോട്ടര്‍മാര്‍ക്ക് നേരിട്ടോ മറ്റോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് അവസരമുണ്ട്.

പൊതു തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് രണ്ട് അവസരങ്ങള്‍ കൂടി നല്‍കും.  ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാണ് പേര് ചേര്‍ക്കുന്നതിനും ഭേദഗതികള്‍ വരുത്തുന്നതിനും അവസരങ്ങള്‍ നല്‍കുന്നത്.  തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് അവസരം ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com