'വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചു; ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിയിരുന്നു' ; വിശദീകരണവുമായി കോളജ് അധികൃതര്‍

അഞ്ജുവിനോട് മോശമായി പെരുമാറി എന്ന ആരോപണം തെറ്റാണ്. സര്‍വകലാശാല ചട്ടം അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്
'വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചു; ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിയിരുന്നു' ; വിശദീകരണവുമായി കോളജ് അധികൃതര്‍

കോട്ടയം : മീനച്ചിലാറ്റില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിനി അഞ്ജു പി ഷാജി പരീക്ഷയ്ക്ക് കോപ്പിയടിച്ചിരുന്നതായി കോളജ് അധികൃതര്‍. ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നുവെന്ന് പാല ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജ് പ്രതിനിധികള്‍ പറഞ്ഞു.

പെന്‍സില്‍ ഉപയോഗിച്ചാണ് ഹാള്‍ടിക്കറ്റിന് പിറകില്‍ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50 നാണ് കുട്ടിയില്‍നിന്നും പാഠഭാഗങ്ങള്‍ എഴുതിയ ഹാള്‍ടിക്കറ്റ് പിടിച്ചെടുത്തത്. പരീക്ഷാഹാളില്‍നിന്ന് ഒരു മണിക്കൂര്‍ കഴിയാതെ വിദ്യാര്‍ത്ഥിയെ പുറത്തിറക്കാനാവില്ല. അതിനാലാണ് അല്പസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയത്.

പരീക്ഷ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഹാള്‍ടിക്കറ്റും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അഞ്ജുവിനോട് മോശമായി പെരുമാറി എന്ന ആരോപണം തെറ്റാണ്. സര്‍വകലാശാല ചട്ടം അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്.

കോളജ് മാനേജ്‌മെന്റിനെതിരെ പുറത്തുവരുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്. കോളജ് അധികൃതര്‍ ആരും കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടില്ല. പ്രിന്‍സിപ്പലിനെ കാണണമെന്ന് പറഞ്ഞെങ്കിലും അഞ്ജു കാണാന്‍ കൂട്ടാക്കിയില്ലെന്നും കോളജ് പ്രതിനിധികള്‍ വ്യക്തമാക്കി.

ശനിയാഴ്ച രാത്രി പത്ത് മണിക്ക് പൊലീസില്‍നിന്നാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. പ്രൈവറ്റ് വിദ്യാര്‍ഥിയായതിനാല്‍ കുട്ടിയെക്കുറിച്ച് കൂടുതലായും ഒന്നുമറിയില്ല. സംഭവത്തില്‍ എംജി സര്‍വകലാശാല അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. സർവകലാശാലയ്ക്ക് കൃത്യമായ വിശദീകരണം നൽകുമെന്നും കോളജ് പ്രതിനിധികൾ വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലല്‍ കോളേജിലെ ബി.കോം വിദ്യാര്‍ഥിയായിരുന്ന അഞ്ജു പി ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിന്  ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളജിലാണ് സര്‍വകലാശാലാ പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്.

ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബിവിഎം ഹോളിക്രോസ് കോളജിന് മൂന്ന് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com