വിദ്യാർത്ഥിനി മരിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; എംജി സർവകലാശാല വിശദീകരണം തേടി

വിദ്യാർത്ഥിനി മരിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; എംജി സർവകലാശാല വിശദീകരണം തേടി
വിദ്യാർത്ഥിനി മരിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; എംജി സർവകലാശാല വിശദീകരണം തേടി

കോട്ടയം: വിദ്യാർത്ഥിനിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതർ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമ്മീഷന്റെ ഇടപെടൽ.

സംഭവവുമായി ബന്ധപ്പെട്ട് എംജി സർവകലാശാല ബിഎംവി ഹോളിക്രോസ് കോളജിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണത്തിൽ വിവിധ രാഷ്ട്രീകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ബിവിഎം കോളജിലേക്ക് മാർച്ച് നടത്തി.

ഹാൾടിക്കറ്റിൽ കോപ്പി എഴുതിക്കൊണ്ടു വന്നതായാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ ആരോപിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർഥികൾ പറഞ്ഞു. നല്ല രീതിയിൽ പഠിക്കുന്ന കുട്ടിയായതിനാൽ തങ്ങൾക്ക് അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പ്രിൻസിപ്പലും അധ്യാപകരും ഹാളിലെത്തി വിദ്യാർഥിനിയോട് അര മണിക്കൂറോളം ദേഷ്യപ്പെട്ടു. ഉത്തരമെഴുതുന്ന ബുക്ക്‌ലെറ്റുകളും മറ്റും വാങ്ങിവച്ചു. തുടർന്ന് അൽപ്പ സമയം ഹാളിനകത്ത് പരീക്ഷ എഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാർഥിനി ഇറങ്ങിപ്പോയതെന്നും ഒപ്പം പരീക്ഷ എഴുതിയ വിദ്യാർഥികൾ പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലൽ കോളേജിലെ ബി.കോം വിദ്യാർഥിയായിരുന്ന അഞ്ജു പി ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജുവിന്  ചേർപ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളജിലാണ് സർവകലാശാലാ പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളജ് അധികൃതർ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബിവിഎം ഹോളിക്രോസ് കോളജിന് മൂന്ന് കിലോമീറ്റർ അകലെ മീനച്ചിലാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com