സമ്പര്‍ക്കം വഴി കോവിഡ് പകരുന്നത് നിയന്ത്രിക്കുക ലക്ഷ്യം;  നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ കേരളത്തില്‍ മരണം കുറയ്ക്കാമെന്ന് കെകെ ശൈലജ

കേരളത്തില്‍ സമ്പര്‍ക്കം വഴി പടരുന്നത് നിയന്ത്രിക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
സമ്പര്‍ക്കം വഴി കോവിഡ് പകരുന്നത് നിയന്ത്രിക്കുക ലക്ഷ്യം;  നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ കേരളത്തില്‍ മരണം കുറയ്ക്കാമെന്ന് കെകെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കം വഴി കോവിഡ് പടരുന്നത് നിയന്ത്രിക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ശുചിമുറിയോട് കൂടിയ മുറി ഇല്ലാത്ത വീടുള്ളവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. മാസ്‌ക് ശരിയായി ധരിക്കാത്തവരുടെ എണ്ണം കൂടുകയാണെന്നും മന്ത്രി പറഞ്ഞു.

വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ എണ്ണം കുറയ്ക്കാനാവില്ല. എന്നാല്‍ വരുന്നവരില്‍ ഏറെയും വൈറസ് ബാധിതരാണ്. അതുകൊണ്ട് രോഗബാധിതരില്‍ നിന്ന് സമ്പര്‍ക്ക്ം ഒഴിവാക്കണം. ഇതിലൂടെ മാത്രമെ രോഗവ്യാപനം തടയാനാവൂ.  സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും എല്ലാം അനുസരിക്കുകയാണെങ്കില്‍ രോഗപകര്‍ച്ചയുടെ തോത് കുറയ്ക്കാന്‍ കഴിയും. ക്വാറന്റൈന്‍ പൂര്‍ണമായും പാലിക്കണം. റൂം ക്വാറന്റൈനാണ് പ്രധാനം. ശുചിമുറിയോട് കൂടിയ മുറി ഇല്ലാത്ത വീടുള്ളവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
 
നിരീക്ഷണം വീട്ടില്‍  ആയാലും ഇന്‍സ്റ്റിറ്റിയൂഷനിലായാലും മറ്റുള്ള ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ധരിച്ച് കഴിഞ്ഞ മാസ്‌ക് വലിച്ചെറിയരുത്. ഇളവുകള്‍ വന്ന സാഹചര്യത്തില്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. ഏറെ നാളിന് ശേഷം തമ്മില്‍ കാണുമ്പോള്‍ മതിമറന്ന് പെരുമാറരുത്. വൈറസ് ബാധ ആര്‍ക്കും വരാം. വരില്ലെന്ന് പറഞ്ഞവര്‍ക്ക് പോലും രോഗം വന്നത് നാം കണ്ടതാണ്. അതുകൊണ്ട് വ്യക്തിപരമായ അകലം പാലിക്കണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ മരണം കുറയ്ക്കാന്‍ കേരളത്തിന് കഴിയും. പലരും വിദേശത്തുനിന്ന് രോഗവുമായി വരുമ്പോള്‍ അവരെ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com