സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നു മുതല്‍ തുറന്നുപ്രവര്‍ത്തിക്കും; എല്ലാ ജീവനക്കാരും ജോലിക്കെത്തണം; മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനത്തെ ഹോട്‌സ്‌പോട്, കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഇന്നു മുതല്‍ തുറക്കും 
സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നു മുതല്‍ തുറന്നുപ്രവര്‍ത്തിക്കും; എല്ലാ ജീവനക്കാരും ജോലിക്കെത്തണം; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്‌സ്‌പോട്, കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഇന്നു മുതല്‍ പുര്‍ണമായി തുറന്നു പ്രവര്‍ത്തിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം. യാത്രാ സൗകര്യമില്ലാത്തതിനാല്‍ മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ഇനി ഉത്തരവുണ്ടാകുന്നതു വരെ ശനിയാഴ്ചകളിലെ അവധി തുടരും.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണം. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളവര്‍, 7 മാസം പൂര്‍ത്തിയായ ഗര്‍ഭിണികള്‍ എന്നിവര്‍ക്കു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുമതി നല്‍കണം. രോഗമുള്ളവര്‍, 5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍, 65 വയസ്സിനു മേല്‍ പ്രായമുള്ള രക്ഷിതാക്കളുള്ളവര്‍ എന്നിവരെ ജനങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് ഒഴിവാക്കണം. ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കാന്‍ മുന്‍ഗണന നല്‍കണം.

കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അതതു ജില്ലയിലെ കുറച്ചു ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കണം. ഹോട് സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ പുറത്തുള്ള ഓഫിസുകളില്‍ ജോലിക്കു പോകരുത്. ഇവര്‍ക്കു സ്‌പെഷല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ രോഗബാധിതരായവര്‍ക്കും കാഷ്വല്‍ ലീവ് നല്‍കും.

60 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയമുള്ളവരെ ഓഫിസുകളില്‍ വരുത്താതെ സേവനങ്ങള്‍ ക്രമീകരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം.  സേവനം പരമാവധി ഫോണ്‍ വഴി നല്‍കണം.  

മറ്റു നിര്‍ദേശങ്ങള്‍

ഇരിപ്പിടങ്ങള്‍ തമ്മില്‍ വേണ്ടത്ര അകലം. ഇരിപ്പിടങ്ങളും മേശകളും കൈകളും ഇടയ്ക്കിടെ അണുവിമുക്തമാക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ ഓഫിസുകളിലെത്തരുത്. രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ സ്വയം കാറന്റീനില്‍ കഴിയണം. ജീവനക്കാര്‍ക്കു സാനിറ്റൈസര്‍, സോപ്പ് എന്നിവ ഓഫിസില്‍ ഒരുക്കണം. എല്ലാവരും മാസ്‌ക് ധരിക്കണം. ഉപയോഗം കഴിഞ്ഞവ നശിപ്പിക്കാനുള്ള സംവിധാനം  ഒരുക്കണം. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍  പരിശോധന. യോഗങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി. അത്യാവശ്യയോഗങ്ങള്‍ അകലം പാലിച്ച്. ജീവനക്കാര്‍ കൂട്ടം കൂടി നില്‍ക്കാനോ ഒരുമിച്ചു ഭക്ഷണം കഴിക്കാനോ പാടില്ല. ഫയലുമായി മറ്റു സ്ഥലങ്ങളില്‍ പോകുന്നവര്‍ കൈമാറിയ ശേഷം കൈകള്‍ ശുചിയാക്കണം. ഓഫിസുകളില്‍ ആരുമായൊക്കെ ഇടപെടുന്നുവെന്ന് ഓരോരുത്തരും കുറിച്ചു വയ്ക്കണം. ശുചിമുറികള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. ലിഫ്റ്റ് ഓപ്പറേറ്റര്‍ നിര്‍ബന്ധം. എല്ലാവരും ലിഫ്റ്റ് ബട്ടണുകള്‍ അമര്‍ത്തുന്ന രീതി ഉണ്ടാകരുത്. അകലം പാലിച്ചു കയറുക. യാത്രയ്ക്കു ശേഷം വാഹനത്തിന്റെ ഉള്‍ഭാഗം, സ്റ്റിയറിങ്, ഡോര്‍ ഹാന്‍ഡില്‍, താക്കോലുകള്‍ എന്നിവ അണുമുക്തമാക്കണം. 
പൊതുസ്ഥലങ്ങള്‍, വാതില്‍, ഗോവണി കൈപ്പിടികള്‍ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. 

എസി 24–30 ഡിഗ്രിയില്‍ മാത്രം. കാന്റീനുകളില്‍ ജീവനക്കാര്‍ കയ്യുറകളും മാസ്‌കും ധരിക്കണം. അകലം പാലിക്കണം. സന്ദര്‍ശന പാസ് സ്‌ക്രീനിങ്ങിനുശേഷം മാത്രം. പടികളുടെ കൈവരിയില്‍ പിടിക്കരുത്. ഭിന്നശേഷിക്കാര്‍ നിര്‍ബന്ധമായും കയ്യുറ ധരിക്കണമെന്നുള്ളതാണ് നിര്‍ദേശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com