സഹോദരിയെ പ്രണയിച്ചതിന് നടുറോട്ടിൽ സുഹൃത്തിനെ വെട്ടി വീഴ്ത്തിയ സംഭവം; ഒളിവിൽ കഴിഞ്ഞ മുഖ്യ പ്രതി പിടിയിൽ

സഹോദരിയെ പ്രണയിച്ചതിന് നടുറോട്ടിൽ സുഹൃത്തിനെ വെട്ടി വീഴ്ത്തിയ സംഭവം; ഒളിവിൽ കഴിഞ്ഞ മുഖ്യ പ്രതി പിടിയിൽ
സഹോദരിയെ പ്രണയിച്ചതിന് നടുറോട്ടിൽ സുഹൃത്തിനെ വെട്ടി വീഴ്ത്തിയ സംഭവം; ഒളിവിൽ കഴിഞ്ഞ മുഖ്യ പ്രതി പിടിയിൽ

കൊച്ചി: മൂവാറ്റുപുഴ ദുരഭിമാന വധ ശ്രമ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ബേസിൽ എൽദോസാണ് (22) പിടിയിലായത്. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ബേസിൽ. പ്രതിയെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ബേസിൽ എൽദോസിന്റെ സുഹൃത്തിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളാണ് ബൈക്ക് ഓടിച്ചത്. വധശ്രമവും പട്ടിക ജാതി- പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു.

സഹോദരിയെ പ്രണയിച്ചതിന് സുഹൃത്തായ അഖിൽ ശിവനെ (19)യാണ് ബേസിൽ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവം ദുരഭിമാന വധ ശ്രമമെന്നാണ് നിഗമനം. ദളിത് യുവാവും സുഹൃത്തുമായ അഖിൽ ശിവനും സഹോദരിയും തമ്മിലുള്ള അടുപ്പത്തിൽ മുഖ്യ പ്രതി ബേസിൽ എൽദോസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിൽ ശിവൻ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. എറണാകുളത്തു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണ് അഖിൽ.

ഇന്നലെ വൈകീട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. സെമിത്തേരിക്കു സമീപത്തെ കടയിൽ മുഖാവരണം വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ ബേസിൽ വിളിച്ചിറക്കി. മുൻ പരിചയമുള്ളതിനാൽ അടുത്തേക്ക് ചെന്നപ്പോൾ വടിവാളുകൊണ്ട് അഖിലിനെ ഇയാൾ വെട്ടുകയായിരുന്നു.

വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു.

അഖിലിനെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന അരുൺ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. ആക്രമണത്തിനു ശേഷം പ്രതി ബൈക്കിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.

പുതുപ്പാടിയിലെ സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥികളായിരിക്കെ പ്രണയത്തിലായതാണ് അഖിലും പ്രതിയുടെ സഹോദരിയും. കുട്ടികളുടെ കാര്യമാകയാൽ സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന നിലപാടിലായിരുന്നു അഖിലിന്റെ വീട്ടുകാർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com