സഹോദരിയെ പ്രണയിച്ചതിന് നടുറോഡില്‍ വെട്ടിവീഴ്ത്തിയ സംഭവം;  ഒരാള്‍ കസ്റ്റഡിയില്‍; അഖില്‍ അപകടനില തരണം ചെയ്തു

മൂവാറ്റുപുഴ ദുരഭിമാന വധശ്രമത്തില്‍ മുഖ്യപ്രതില്‍ ബേസില്‍ എല്‍ദോസിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍
സഹോദരിയെ പ്രണയിച്ചതിന് നടുറോഡില്‍ വെട്ടിവീഴ്ത്തിയ സംഭവം;  ഒരാള്‍ കസ്റ്റഡിയില്‍; അഖില്‍ അപകടനില തരണം ചെയ്തു

കൊച്ചി: മൂവാറ്റുപുഴ ദുരഭിമാന വധശ്രമത്തില്‍ മുഖ്യപ്രതില്‍ ബേസില്‍ എല്‍ദോസിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഇയാളാണ് ബൈക്ക് ഓടിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം വധശ്രമവും പട്ടിക ജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവം പ്രതികള്‍ക്കെതിരെ കേസെടുത്തു. മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് കേസന്വേഷണത്തിന്റെ ചുമതല. സഹോദരിയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് അഖിലിനെ നടുറോഡില്‍ വെട്ടിവീഴ്ത്തിയത്. 

കാമുകിയുടെ സഹോദരനായി അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖില്‍ (19) ആണ് വെട്ടേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

സെമിത്തേരിക്കു സമീപത്തെ കടയില്‍ മുഖാവരണം വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരന്‍ വിളിച്ചിറക്കി. മുന്‍ പരിചയമുള്ളതിനാല്‍ അടുത്തേക്ക് ചെന്നപ്പോള്‍ വടിവാളുകൊണ്ട് അഖിലിനെ ഇയാള്‍ വെട്ടുകയായിരുന്നു. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ അഖില്‍ ധരിച്ചിരുന്ന ഹെല്‍മെറ്റില്‍ തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അഖിലിനെ കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്ന അരുണ്‍ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. ആക്രമണത്തിനു ശേഷം പ്രതി ബൈക്കില്‍ തന്നെ കടന്നുകളഞ്ഞു. ബൈക്കില്‍ പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു.

അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാള്‍ കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.

പുതുപ്പാടിയിലെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥികളായിരിക്കെ പ്രണയത്തിലായതാണ് അഖിലും പ്രതിയുടെ സഹോദരിയും. അഖില്‍ ഇപ്പോള്‍ എറണാകുളത്ത് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. കുട്ടികളുടെ കാര്യമാകയാല്‍ സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന നിലപാടിലായിരുന്നു അഖിലിന്റെ വീട്ടുകാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com