അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം ; അനുനയവുമായി എംഎല്‍എ ; അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

സ്ഥലത്തെത്തിയ പി സി ജോര്‍ജ് എംഎല്‍എ ബന്ധുക്കളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘര്‍ഷത്തില്‍ അയവു വന്നത്
അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം ; അനുനയവുമായി എംഎല്‍എ ; അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി


കോട്ടയം : കോപ്പിയടിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അഞ്ജുവിന്റെ മൃതദേഹം ബന്ധുക്കളെ കയറ്റാതെ ആംബുലന്‍സില്‍ കയറ്റിയതാണ് പ്രതിഷേധത്തിന് കാരണമായത്.

അഞ്ജുവിന്റെ പിതാവിനെ അടക്കം ആംബുലന്‍സില്‍ കയറ്റിയില്ല. അഞ്ജുവിന്റെ അമ്മാവനെ ആംബുലന്‍സില്‍ നിന്നും ഇറക്കിവിട്ടു എന്നും ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് കോളജ് അധികൃതര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പി സി ജോര്‍ജ് എംഎല്‍എ ബന്ധുക്കളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘര്‍ഷത്തില്‍ അയവു വന്നത്.സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിശദമായ അന്വേഷണം ഉണ്ടാകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. വേണമെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാന്‍ സൗകര്യം ഒരുക്കാമെന്നും പി സി ജോര്‍ജ്ജ് അറിയിച്ചു.

പി സി ജോര്‍ജ്ജിന്റെ ചര്‍ച്ചയെത്തുടര്‍ന്ന് അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് കാഞ്ഞിരപ്പള്ളിയില്‍ സംസ്‌കരിക്കും.
തന്റെ മകള്‍ ഒരിക്കലും കോപ്പിയടിക്കില്ല എന്നും അച്ഛന്‍ കോളജിന്റെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് അഞ്ജു ആത്മഹത്യ ചെയ്തതെന്നും
അച്ഛൻ ഷാജി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ഹാള്‍ടിക്കറ്റിലെ കൈയ്യക്ഷരം മകളുടെതല്ല. ഇതില്‍ കൃത്രിമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് കാണിച്ചത്. പ്രിൻസിപ്പലിനെയും സാറിനെയും അറസ്റ്റ് ചെയ്യണം. പൊലീസ് അന്വേഷണത്തിലും വിശ്വാസമില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് പാല ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജിന് മൂന്ന് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com