ആരാധനാലയങ്ങള്‍ തുറന്നു, ഗുരുവായൂരില്‍ രാവിലെ ഒന്‍പതര മുതല്‍ ഉച്ചയക്ക് ഒന്നരവരെ ദര്‍ശനം; തുറക്കേണ്ടെന്ന നിലപാടില്‍ മിക്ക മുസ്ലീം പളളികളും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2020 07:55 AM  |  

Last Updated: 09th June 2020 07:55 AM  |   A+A-   |  

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ ദര്‍ശനം അനുവദിച്ചു തുടങ്ങി. ഗുരുവായൂരില്‍ രാവിലെ ഒന്‍പതര മുതല്‍ ഉച്ചയക്ക് ഒന്നരവരെയാണ് ദര്‍ശനം. മിക്കയിടത്തും കര്‍ശന നിബന്ധനകളോടെയാണ് പ്രവേശനം.

തലസ്ഥാനത്തെ പ്രധാന ആരാധാനലായങ്ങളായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, പാളയം ജുമാ മസ്ജിദ്,  പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ,പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍  എന്നിവ തുറക്കില്ല. പഴവങ്ങാടി ഗണപതി ക്ഷേത്രം , വേളി സെന്റ് തോമസ് പള്ളി, വെട്ടുകാട് പള്ളി എന്നിവയിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നുവരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. കോഴിക്കോട് സാമൂതിരി രാജയുടെ ട്രസ്റ്റിന് കീഴിലുള്ള 48 ക്ഷേത്രങ്ങളിലും നിയന്ത്രണം തുടരും. അതേസമയം തുറക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ മിക്ക മുസ്ലിം പള്ളികളും. എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുളള പളളികളും തുറക്കേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.
 
എന്‍എസ്എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും തുറക്കില്ല. എന്‍എസ്എസ് കരയോഗങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് തീരുമാനം.വിഎച്ച്പിയും തങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷേത്രസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും തുറക്കില്ലെന്നാണ് തീരുമാനം. 

ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കരുതെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്.  ക്ഷേത്രം ഇപ്പോള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ തന്ത്രിസമാജവും രംഗത്തുവന്നിരുന്നു.