ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന മൂർഖൻ പാമ്പുതന്നെ ; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു

സൂരജ് പ്ലാസ്റ്റിക് ടിന്നിൽ പാമ്പിനെ കൊണ്ടുവന്നു മുറിയിൽ തുറന്നുവിട്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തി എന്നാണ് കേസ്
ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന മൂർഖൻ പാമ്പുതന്നെ ; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു

കൊല്ലം  : കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസിൽ അന്വേഷണസംഘത്തിന് നിർണായക തെളിവ് ലഭിച്ചു. ഭർത്താവ് സൂരജ്  ടിന്നിലാക്കി കൊണ്ടുവന്ന മൂർഖൻ പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നുള്ള പരിശോധനാഫലം ഉടൻ അന്വേഷണ സംഘത്തിനു കൈമാറും.

വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശൽക്കങ്ങളും ഉത്രയുടെ ശരീരത്തിൽ പാമ്പു കടിയേറ്റ ഭാഗത്തു നിന്നും ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് പരിശോധിച്ചത്. സൂരജ് കൊണ്ടുവന്ന പാമ്പു തന്നെയാണ് ഉത്രയെ കടിച്ചതെന്ന് ശാത്രീയ പരിശോധനാഫലം കൂടി ലഭിച്ചതോടെ, കേസന്വേഷണം രണ്ടാംഘട്ടം കൂടുതൽ ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.

കേസന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോ​ഗസ്ഥരെയും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അടക്കമുള്ള വിദ​ഗ്ധരെയും കൂടി ചേർത്ത് അന്വേഷണസംഘത്തെ കഴിഞ്ഞദിവസം വിപുലീകരിച്ചിരുന്നു. സൂരജ് പ്ലാസ്റ്റിക് ടിന്നിൽ പാമ്പിനെ കൊണ്ടുവന്നു മുറിയിൽ തുറന്നുവിട്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തി എന്നാണ് കേസ്.

രണ്ടാം പ്രതി ചാവർകോട് സുരേഷിൽ നിന്നു വാങ്ങിയ അണലിയെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് സുരേഷിൽ നിന്നു മൂർഖൻ പാമ്പിനെ വാങ്ങി മേയ് ആറിന് ഉത്രയുടെ അഞ്ചൽ ഏറം വിഷു വെള്ളശ്ശേരിൽ വീട്ടിലെത്തി. രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയിൽ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com