കേന്ദ്രമന്ത്രിസഭായോഗ തീരുമാനം പോലും അറിയാതെ കേരളത്തിന് മേല്‍ കുതിര കയറുന്നു ; വി മുരളീധരനെതിരെ കടകംപള്ളി

കേന്ദ്രമന്ത്രിസഭായോഗ തീരുമാനം പോലും അറിയാതെ കേന്ദ്രസഹമന്ത്രി ആരോപണം ഉന്നയിക്കുന്നതിനെ ഹാ കഷ്ടം എന്നുമാത്രമാണ് പറയാനുള്ളത്
കേന്ദ്രമന്ത്രിസഭായോഗ തീരുമാനം പോലും അറിയാതെ കേരളത്തിന് മേല്‍ കുതിര കയറുന്നു ; വി മുരളീധരനെതിരെ കടകംപള്ളി

തിരുവനന്തപുരം : ക്ഷേത്രങ്ങള്‍ തുറക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. മെയ് 30 നാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.

ജൂണ്‍ നാലിന് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കേന്ദ്രമന്ത്രി അമിത്ഷായുടെ അറിവോടെയാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കിയത്. ഇത് പരിഗണിച്ച് വ്യക്തമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേന്ദ്രമന്ത്രിസഭായോഗ തീരുമാനം പോലും അറിയാതെ കേന്ദ്രസഹമന്ത്രി ആരോപണം ഉന്നയിക്കുന്നതിനെ ഹാ കഷ്ടം എന്നുമാത്രമാണ് പറയാനുള്ളത്.

ക്ഷേത്രം തുറക്കലില്‍ കേരളസര്‍ക്കാരിന് മേല്‍ കുതിര കയറുന്നതിന് മുമ്പ് കേന്ദ്രസഹമന്ത്രി ക്യാബിനറ്റിലെ മറ്റുമന്ത്രിമാരോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനുള്ള സാമാന്യമര്യാദ കാണിക്കണമായിരുന്നു എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറന്നത്.

ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെ ഇപ്പോള്‍ രംഗത്തുവന്നവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ മദ്യഷോപ്പുകളും മാളുകളും തുറക്കാമെങ്കില്‍, എന്തുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാത്തതെന്തെന്ന് ഇവര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ലാക്കാണെന്നും മന്ത്രി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com