'നിവൃത്തികേടിലാണ്, 2000 രൂപ കടം തരുമോ ?' ; അപേക്ഷയുമായി വീട്ടമ്മയും മക്കളും പൊലീസ് സ്റ്റേഷനില്‍

ടിസി വാങ്ങാന്‍ പോകുന്നതിനു പോലും കയ്യില്‍ പണമില്ല. 2000 രൂപ കടമായി തരണം
'നിവൃത്തികേടിലാണ്, 2000 രൂപ കടം തരുമോ ?' ; അപേക്ഷയുമായി വീട്ടമ്മയും മക്കളും പൊലീസ് സ്റ്റേഷനില്‍

തിരുവനന്തപുരം : ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആളുകള്‍ ജോലിയില്ലാതെ നിത്യജീവിതത്തിന് പോലും വകയില്ലാതെ ദുരിതത്തിലായ നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലെ പാലോട് പൊലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയും രണ്ടു പെണ്‍മക്കളും എത്തിയത് വേറിട്ട ഒരു അപേക്ഷയുമായി.

നിവൃത്തികേടിലാണ്. 2000 രൂപ കടം തരാമോ എന്നായിരുന്നു വീട്ടമ്മയുടെ കത്തിലെ അപേക്ഷയിലുണ്ടായിരുന്നത്. ഇല്ലായ്മകളുടെ വേദനിപ്പിക്കുന്ന വിവരണമായിരുന്നു കയ്യിലെ കത്തില്‍. പല തരം പരാതിക്കാര്‍ എത്താറുണ്ടെങ്കിലും ഇങ്ങനെയൊരു ആവശ്യവുമായി ഒരു കുടുംബം എത്തിയതും ഇതാദ്യം.

പാലോട് എസ്‌ഐക്ക് എഴുതിയ കത്തിന്റെ ചുരുക്കം ഇതായിരുന്നു: പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മക്കള്‍ പ്ലസ് ടുവിലും നാലിലുമായി പഠിക്കുന്നു. ടിസി വാങ്ങാന്‍ പോകുന്നതിനു പോലും കയ്യില്‍ പണമില്ല. 2000 രൂപ കടമായി തരണം. വീട്ടുജോലിക്കു പോയ ശേഷം തിരികെ തന്നു കൊള്ളാം.

കത്തു വായിച്ച എസ്‌ഐ സതീഷ്‌കുമാര്‍ ഉടന്‍ തന്നെ 2000 രൂപ നല്‍കി. കാര്യങ്ങള്‍ തിരക്കിയപ്പോള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികള്‍ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ മനസ്സലിഞ്ഞ പൊലീസുകാര്‍ അവരുടെ വകയായി ഒരു മാസത്തേക്ക് ഭക്ഷ്യസാധനങ്ങള്‍ കൂടി വാങ്ങി നല്‍കിയാണ് വീട്ടമ്മയെയും മക്കളെയും വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com