പിസി കുട്ടൻപിള്ള 'ഇനി മ‌ിണ്ടില്ല'; വിമർശനം കടുത്തു, കേരള പൊലീസിന്റെ റോസ്റ്റിങ് വിഡിയോ പരിപാടി നിർത്തി

സൈബർ ബുള്ളിയിങും സദാചാര പൊലീസിങും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പരിപാടി നേരിടുന്ന പ്രധാന ആരോപണം
പിസി കുട്ടൻപിള്ള 'ഇനി മ‌ിണ്ടില്ല'; വിമർശനം കടുത്തു, കേരള പൊലീസിന്റെ റോസ്റ്റിങ് വിഡിയോ പരിപാടി നിർത്തി

കൊച്ചി: സമൂഹ മാധ്യമങ്ങളിലെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നെന്ന പേരിൽ കേരള പൊലീസ് തുടങ്ങിയ ഓൺലൈൻ പ്രതികരണ വീഡിയോ പരിപാടി നിർത്തി. യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ‘പിസി കുട്ടൻപിള്ള സ്പീക്കിങ്’ എന്ന പരിപാടി വിവാദത്തിലായതോടെയാണ് കേരള പൊലീസിന്റെ സോഷ്യൽ മീഡിയ ടീം നിലപാട് വ്യക്തമാക്കിയത്. പുതിയ പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ലെന്ന അഭിപ്രായം ശക്തമായതോടെയാണ് തീരുമാനം.

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ടിക് ടോക്ക് വിഡിയോകൾ ഉൾപ്പെടെ തമാശരൂപേണ വിമർശിക്കാനാണു ‘കുട്ടൻപിള്ള’ ശ്രമിച്ചത്. നർമ രൂപത്തിൽ പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ആദ്യ വീഡിയോ തന്നെ വിവാദത്തിലായി. സൈബർ ബുള്ളിയിങും സദാചാര പൊലീസിങും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പരിപാടി നേരിടുന്ന പ്രധാന ആരോപണം. വിഡിയോയ്ക്കെതിരെ സ്ത്രീ വിരുദ്ധത ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.  ടിക് ടോക് വിഡിയോകളിലൂടെ പ്രശസ്തരായവരെ പരിഹസിക്കാൻ മാത്രം ഇറക്കിയ ചാനലാണെന്നും ആരോപണമുയർന്നു.

മൂന്നു ദിവസം മുൻപാണു കേരള പൊലീസിന്റെ സോഷ്യൽ മീഡിയ സെൽ യുട്യൂബ് ചാനൽ തുടങ്ങിയത്. ഏഴ് ലക്ഷത്തിലധികം പേർ വിഡിയോ കണ്ടു. കേരളത്തിൽ തന്നെ ഏറ്റവുമധികം ടിക് ടോക് ഫോളോവേഴ്സുള്ള ബിഗ് ബോസ് താരം ഫുക്രുവായിരുന്നു റോസ്റ്റിങ് വീഡിയോയിലെ ആദ്യ ഇര. കേരളത്തിൽ ഓൺലൈൻ ലോകത്ത് ഏറ്റവുമധികം സൈബർ ബുള്ളിയിങ് നേരിടുന്ന ഹെലൻ ഓഫ് സ്പാർട്ട എന്ന ടിക് ടോക് പ്രൊഫൈലിനുടമയായ ധന്യ എസ് രാജേഷും കുട്ടൻപിള്ളയ്ക്ക് ഇരയായി.

പൊലീസിനെ റോസ്റ്റ് ചെയ്താൽ 7 മിനിട്ട് തികയാതെ വരുമെന്നാണ് പിസി കുട്ടൻപിള്ള സ്പീക്കിങിനെ വിമർശിച്ച് എത്തുന്ന കമന്റ്. "പൊതു സമൂഹത്തിൽ വ്യക്തികളെ അവഹേളിച്ചു എന്ന വകുപ്പ് ഈ വീഡിയോക്ക് ബാധകമാണോ" എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പരാതികൾ ഉയർന്നതോടെ പരിപാടി തൽക്കാലത്തേക്കു നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും പോസിറ്റീവ് വിഡിയോകളുമായി ഉടൻ ചാനൽ പുനരാരംഭിക്കുമെന്നും കേരള പൊലീസിന്റെ സോഷ്യൽ മീഡിയ ടീം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com