ഭാഗ്യം തേടി ചുറ്റും ആള്‍ക്കൂട്ടം ; ഈ സ്വാമി തേടുന്ന 'ബമ്പര്‍' സ്വന്തം മകനെ ; ഭാഗ്യക്കുറിയുമായി കൈലാസസ്വാമിയുടെ അന്വേഷണത്തിന് കാല്‍നൂറ്റാണ്ട്

തിരുനെല്‍വേലി സ്വദേശിയായ 78 കാരന്‍ കൈലാസസ്വാമി ഈ തിരച്ചില്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു
ഭാഗ്യം തേടി ചുറ്റും ആള്‍ക്കൂട്ടം ; ഈ സ്വാമി തേടുന്ന 'ബമ്പര്‍' സ്വന്തം മകനെ ; ഭാഗ്യക്കുറിയുമായി കൈലാസസ്വാമിയുടെ അന്വേഷണത്തിന് കാല്‍നൂറ്റാണ്ട്

മലപ്പുറം : ആളുകള്‍ ഭാഗ്യം തേടി തന്റെ കയ്യിലുള്ള ലോട്ടറി ടിക്കറ്റുകള്‍ തിരയുമ്പോള്‍, കൈലാസസ്വാമി തിരയുന്നത് അവര്‍ക്കിടയിലെങ്ങാനും തന്റെ മകനുണ്ടോ എന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വീടുവിട്ടുപോയ മകനെ തേടിയുള്ള അലച്ചിലിലാണ് ഈ പിതാവ്. തിരച്ചിലിന് പറ്റിയ ഒരു തൊഴിലായി ലോട്ടറിക്കച്ചവടത്തെ ഇദ്ദേഹം കൂടെക്കൂട്ടുകയായിരുന്നു.

തിരുനെല്‍വേലി സ്വദേശിയായ 78 കാരന്‍ കൈലാസസ്വാമി ഈ തിരച്ചില്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. 15-ാം വയസ്സിലാണ് മകന്‍ സുബ്രഹ്മണ്യം വീടുവിട്ടു പോകുന്നത്. ഒരു കൊച്ചു പിണക്കം പോലും ഇല്ലാതിരുന്നിട്ടും മകന്‍ തങ്ങളെ ഉപേക്ഷിച്ചു പോയതെന്തിനെന്ന് ഇപ്പോഴും അദ്ദേഹത്തിന് അറിയില്ല. എങ്കിലും എവിടെയെങ്കിലും വെച്ച് പൊന്നോമന മകനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഈ വൃദ്ധപിതാവ്.

മകന്‍ പാലക്കാട്ട് ഉണ്ടാകുമെന്ന് കരുതി കൈലാസസ്വാമി ആദ്യം അവിടെ കുറെ തിരഞ്ഞു. എന്നാല്‍ കണ്ടെത്താനായില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞ ശേഷമാണ് തിരൂരില്‍ എത്തിയത്.  ഇപ്പോള്‍ തൃപ്രങ്ങോട് ക്ഷേത്രത്തിന് സമീപം വാടകമുറിയില്‍ താമസിക്കുന്ന സ്വാമി അതിരാവിലെ 5ന് എഴുന്നേറ്റ് നടപ്പുതുടങ്ങും. അടുത്തെവിടെനിന്നെങ്കിലും ലോട്ടറി വാങ്ങി വില്‍പ്പനയും ഒപ്പം മകനം തിരയലുമായി അലഞ്ഞുതിരിഞ്ഞ് രാത്രി തിരിച്ചെത്തുമ്പോഴേക്കും കിലോമീറ്ററുകള്‍ നടന്നുകഴിഞ്ഞിരിക്കും.

മകനെക്കാണാതായി അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യയും സ്വാമിയെ വിട്ടുപോയി. ഒരു മകളുളളത് ഭര്‍ത്താവിനൊപ്പം തിരുനെല്‍വേലിയില്‍ താമസിക്കുന്നു. വല്ലപ്പോഴും അങ്ങോട്ടു പോകുന്നതൊഴിച്ചാല്‍ ബാക്കി ദിവസങ്ങള്‍ മുഴുവന്‍ മകനെ തേടിയുള്ള യാത്ര തന്നെ. 2003ല്‍ സ്വാമി പാലക്കാട്ടു വിറ്റ ടിക്കറ്റിന് 20 ലക്ഷത്തിന്റെ സമ്മാനം ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സ്വാമിയെ മോഹിപ്പിക്കുന്നില്ല. സ്വാമി തേടുന്ന ഒരു ഒരു ബമ്പര്‍ നഷ്ടപ്പെട്ട തന്റെ മകനെ തിരിച്ചുകിട്ടുക എന്നതുമാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com