ഷോപ്പിങ് മാളുകൾ തുറക്കുന്നു; ലുലു ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും

By സമകാലിക മലയാളം ഡെസ്‌  |   Published: 09th June 2020 07:59 AM  |  

Last Updated: 09th June 2020 07:59 AM  |   A+A-   |  

central

 

കൊച്ചി: കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകൾക്ക് അനുസൃതമായി സംസ്ഥാനത്ത് മാളുകൾ ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാൾ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തൃപ്രയാറിലെ വൈ മാളും കൊല്ലം ജില്ലയിലെ ആർപി മാളും തുറന്ന് പ്രവർത്തിക്കും. സെൻട്രൽ ​ഗ്രൂപ്പിന്റെ ഷോപ്പിങ് മാളുകൾ രാജ്യമൊട്ടാകെ ഇന്നുമുതൽ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ സെൻട്രൽ ശാഖ തുറക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല.

കോവിഡിനെ തുടർന്ന് മാർച്ച് 24 ന് പ്രവർത്തനം നിർത്തിവെച്ച മാളുകൾ രണ്ടര മാസങ്ങൾക്ക് ശേഷമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. എന്റർടെയിൻമെന്റ് സോണുകളുടേയും, സിനിമാ തിയേറ്ററുകളുടേയും സേവനങ്ങൾ ഇപ്പോൾ ഉണ്ടാകില്ല. കർശനമായ പരിശോധനകൾക്കു ശേഷം മാത്രമേ പൊതുജനങ്ങളെ അകത്തേക്കു പ്രവേശിപ്പിക്കൂ. പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉള്ളവരെ മാളിൽ പ്രവേശിപ്പിക്കില്ല. ശരീരോഷ്മാവ് പരിശോധനകൾക്കായി തെർമൽ സ്കാനറും മാളുകളിൽ സ്ഥാപിക്കും.

ലുലു മാളിനുള്ളിലെ പൊതുസ്ഥലങ്ങൾ സാനിറ്റേഷൻ ടീം ചെറിയ ഇടവേളകളിൽ അണുവിമുക്തമാക്കുമെന്ന് അധിക‌ൃതർ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോൺസ് ടീം സദാസമയവുമുണ്ടാകും. 1.5 മീറ്റർ അകലം അടയാളപ്പെടുത്തിയ സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അനൗൺസ്‌മെന്റുകളുമുണ്ടാകും.