സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

52 ദിവസം നീളുന്ന നിരോധനം ജൂലായ് 31ന് അവസാനിക്കും
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി തുടങ്ങും. 52 ദിവസം നീളുന്ന നിരോധനം ജൂലായ് 31ന് അവസാനിക്കും. കരയിൽ നിന്ന് കടലിലേക്ക് 12 നോട്ടിക്കൽ മൈൽവരെയാണ് നിരോധനം. 10 കുതിര ശക്തിക്ക് മുകളിലുള്ള എൻജിനുകൾ ഉപയോഗിക്കുന്ന യന്ത്രവൽക്കൃത യാനങ്ങൾക്കാണ് നിരോധനം.  

സമുദ്ര മത്സ്യോത്‌പാദനം വർധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയൻ-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭ്യർഥിച്ചു. കടലിൽപ്പോയ എല്ലാ ബോട്ടുകളും ചൊവ്വാഴ്ച അർധരാത്രിക്കുമുമ്പ്‌ തിരിച്ചെത്തണം. ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോകണം. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച രാത്രി അവസാനിക്കും.

നിർദേശങ്ങൾ: തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെയാണു ബോട്ടുകൾക്കു ട്രോളിങ് നിരോധന കാലത്തു കടലിൽ പോകാൻ നിയന്ത്രണമുള്ളത്. അതേസമയം ഔട്ട് ബോർഡ്, ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വള്ളങ്ങൾക്കും കട്ടമരം അടക്കമുള്ള പരമ്പരാഗത യാനങ്ങൾക്കും കടലിൽ പോകാം. 9നു രാത്രി 12.30 നു മുൻപ് എല്ലാ ബോട്ടുകളും നീണ്ടകര പാലത്തിനു കിഴക്ക് വശത്തേക്കു മാറ്റും. അഴിമുഖത്തിനു കുറുകെ പാലത്തിൽ ചങ്ങല ബന്ധിക്കും. അഴീക്കലിലെ ബോട്ടുകളെല്ലാം കടവുകളിൽ അടുപ്പിക്കും. ഇന്ധന ബങ്കുകളും അടയ്ക്കും. നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com