ആരിഫ് ജയിച്ചത് സിപിഐ വോട്ടുകൊണ്ടെന്ന് ആഞ്ചലോസ്; ചേര്‍ത്തല തിലോത്തമന് നല്‍കുന്നത് ഔദാര്യമെന്ന് സിപിഎം; തോട്ടപ്പള്ളിയെ ചൊല്ലി ആലപ്പുഴയില്‍ വാക്‌പോര്

മന്ത്രിയും സിപിഐയും പ്രതിപക്ഷമാകരുതെന്നും നിലപാട് തിരുത്തണമെന്നും സിപിഎം
ആരിഫ് ജയിച്ചത് സിപിഐ വോട്ടുകൊണ്ടെന്ന് ആഞ്ചലോസ്; ചേര്‍ത്തല തിലോത്തമന് നല്‍കുന്നത് ഔദാര്യമെന്ന് സിപിഎം; തോട്ടപ്പള്ളിയെ ചൊല്ലി ആലപ്പുഴയില്‍ വാക്‌പോര്

ആലപ്പുഴ: തോട്ടപ്പള്ളി ഖനനത്തെ ചൊല്ലി ആലപ്പുഴയില്‍ സിപിഐ- സിപിഎം പരസ്യപ്പോര്. മന്ത്രി പി തിലോത്തമനും സിപിഐക്കുമെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് സിപിഎം പരാതി നല്‍കി. സര്‍ക്കാരിനെതിരായ സമരത്തിന് മന്ത്രിയുടെ പിന്തുണയുണ്ടെന്നാണ്  സിപിഎം ആരോപണം. മന്ത്രിയും സിപിഐയും പ്രതിപക്ഷമാകരുതെന്നും നിലപാട് തിരുത്തണമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. തോട്ടപ്പള്ളി പുഴിമുറിച്ച് വീതികൂട്ടുന്നതിന്റെ മറവില്‍ കരിമണല്‍ കടത്തുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. ഇതിന് കുടപിടിക്കുന്ന സമീപനമാണ് സിപിഐ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ നടപടികളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നും സിപിഎം പറയുന്നു. ഇതേ തുടര്‍ന്ന് സിപിഎം- സിപിഐ ജില്ലാ സെക്രട്ടറിമാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായി വാക്‌പോരായി മാറി.

ആലപ്പുഴയില്‍ സിപിഎം എംപിയായി എഎം ആരീഫ് ജയിച്ചത് മന്ത്രി പി തിലോത്തമന്റെ ഇടപെടല്‍ കൊണ്ടാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞു. മന്ത്രി പി തിലോത്തമന്റെ സിറ്റിങ് സീറ്റായ ചേര്‍ത്തല മണ്ഡലത്തിലെ ഭൂരിപക്ഷം കൊണ്ടുമാത്രമാണ് ആരിഫ് ജയിച്ചത്. ഇതിന് കാരണം മന്ത്രി തിലോത്തമന്റെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. കരിമണല്‍ ഖനനത്തിന്റെ പേരില്‍ സിപിഐയെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതേണ്ടെന്നും സിപിഐയെ ആര്‍ക്കും വിലയ്ക്ക് വാങ്ങാനാവില്ലെന്നും ആഞ്ചലോസ് പറഞ്ഞു.

എന്നാല്‍ ആഞ്ചലോസിന്റെ വാക്കുകള്‍ ആനമണ്ടത്തരമെന്ന് സിപിഎം സെക്രട്ടറി നാസര്‍ പറഞ്ഞു. ചേര്‍ത്തല മണ്ഡലം സിപിഐക്ക് കൊടുക്കുന്നത് സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ്. സിപിഎം ഒറ്റയ്ക്ക് നിന്നാല്‍ ജയിക്കുന്ന മണ്ഡലമാണ് ഇത്. ആ മണ്ഡലത്തില്‍ തിലോത്തമനെ ഞങ്ങള്‍ ജയിപ്പിക്കുകയാണ്. സിപിഎം വോട്ടുകൊണ്ടാണ് തിലോത്തമന്‍ ജയിക്കുന്നതെന്ന് മനസിലാക്കാതെ ആഞ്ചലോസ് അല്‍പ്പത്തരം പറയുകയാണ്. എന്തുകൊണ്ട് ആരിഫിന് കിട്ടുന്ന വോട്ട് സിപിഎക്ക് കിട്ടുന്നില്ല. ചേര്‍ത്തല വിട്ടുകൊടുത്തത് ഞങ്ങളുടെ ഔദാര്യമാണ്. അവിടെ ആരിഫ് ജയിച്ചത് തിലോത്തമന്റെ ഇടപെടലാണെന്ന ആനമണ്ടത്തരം ആഞ്ചലോസ് അല്ലാതെ ആരും പറയില്ലെന്ന് നാസര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com