പുല്‍ത്തകിടിയെ നെല്‍വയലാക്കി ദമ്പതികള്‍; സുഭിക്ഷകേരളം പദ്ധതിയില്‍ മാതൃകയായി ടോമിയും റാണിയും

കോവിഡ് ദുരിതകാലത്ത് ഭക്ഷ്യസുരക്ഷയുടെ വേറിട്ട മാതൃക തീര്‍ക്കുകയാണ് ടോമിയും ഭാര്യ റാണിയും
പുല്‍ത്തകിടിയെ നെല്‍വയലാക്കി ദമ്പതികള്‍; സുഭിക്ഷകേരളം പദ്ധതിയില്‍ മാതൃകയായി ടോമിയും റാണിയും

ചിറ്റാരിക്കാല്‍-ചെറുപുഴ മലയോര ഹൈവെയ്ക്കിടയിലെ മണ്ണുവഴിയിലൂടെ വണ്ടിയോടിച്ചാല്‍ തിങ്ങിനില്‍ക്കുന്ന പുല്‍ത്തകിടിക്കിടയില്‍ ഒരു വെളുത്ത വീടുണ്ട്. ഒന്നുകൂടി സൂക്ഷിച്ചിനോക്കിയാല്‍ മെക്‌സിക്കന്‍ ഗ്രാസ് ഉപയോഗിച്ച് ഭംഗിവരുത്തിയ ലാന്‍ഡ്‌സ്‌കേപ്പിങ് അല്ല ഇതെന്ന് കാണാം, നെല്‍വയലാണ് കാസര്‍ഗോഡ് സ്വദേശിയായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം ടോമി പുതുപ്പള്ളിയേലിന്റെ വീട്ടിലേക്ക് ആനയിക്കുന്നത്. ഇതിലൂടെ കോവിഡ് ദുരിതകാലത്ത് ഭക്ഷ്യസുരക്ഷയുടെ വേറിട്ട മാതൃക തീര്‍ക്കുകയാണ് ടോമിയും ഭാര്യ റാണിയും.

എട്ടുവര്‍ഷത്തോളമായി വീട്ടുമുറ്റത്തു നട്ടുവളര്‍ത്തിയ പുല്‍ത്തകിടികളെല്ലാം പറിച്ചുനീക്കിയാണ് ടോമി കരനെല്‍ കൃഷി ആരംഭിച്ചത്. രണ്ടും പുല്ല് തന്നെയാണ്. പക്ഷെ നെല്ലാണെങ്കില്‍ നമ്മുടെ ഭക്ഷണമേശയില്‍ അരിയെത്തും, ടോമി പറയുന്നു. കാറ്റത്ത് നെല്ല് ആടിയുലയുന്നത് കാണുന്നത് തനിക്ക് ഏറെ പ്രിയമേറിയതാണെന്നാണ് ഭാര്യ റാണിയുടെ വാക്കുകള്‍.

ഈസ്റ്റ് എളേരി കൃഷി ഭവന്റെ സഹായത്തോടെയാണ് ടോമി നെല്ലിറക്കിയത്. ഇപ്പോള്‍ സമീപവാസികളും ഇത്തരത്തില്‍ കൃഷിയിലേക്കിറങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചെത്തുന്നുണ്ട്. ഇതിനോടകം രണ്ട് ക്വിന്റല്‍ ഉമ നെല്‍വിത്താണ് വിതരണം ചെയ്തുകഴിഞ്ഞത്. ഇഞ്ചി, കപ്പ, ചേന, ചേമ്പ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തരിശു ഭൂമിയില്‍ കൃഷിയിറക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് തന്നെ കരനെല്‍കൃഷിയിലേക്ക് ആകര്‍ഷിച്ചതെന്ന് ടോമി പുതുപ്പള്ളി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com