ഓണ്‍ലൈന്‍ പഠനം: പലിശ ഈടാക്കില്ല; ഉപകരണങ്ങള്‍ വാങ്ങാന്‍ ശമ്പള അഡ്വാന്‍സ് നല്‍കി കെഐഐഡിസി

ഏതു കമ്പനിയുടെ ഏതു മോഡല്‍ ഉപകരണം വാങ്ങണമെന്ന് അവരവര്‍ക്ക് തീരുമാനിക്കാം
ഓണ്‍ലൈന്‍ പഠനം: പലിശ ഈടാക്കില്ല; ഉപകരണങ്ങള്‍ വാങ്ങാന്‍ ശമ്പള അഡ്വാന്‍സ് നല്‍കി കെഐഐഡിസി


തിരുവനന്തപുരം: ജീവനക്കാരുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ലാപ്‍ടോപ്പും സ്മാര്‍ട് ഫോണും വാങ്ങാന്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ശമ്പളത്തില്‍ നിന്ന് അഡ്വാന്‍സ് നല്‍കുന്നു. 12 തുല്യ ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കും. പലിശ ഈടാക്കില്ല.

രക്ഷിതാക്കള്‍ക്ക് സ്മാര്‍ട് ഫോണ്‍ ഉണ്ടെങ്കിലും ഓഫിസില്‍ ജോലിക്കു പോകേണ്ടി വരുമ്പോള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് അവ ലഭ്യമാകില്ല. സാലറി ഡെഫര്‍മെന്റും മറ്റും നിലവിലുള്ളതിനാല്‍ പലരും പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് കോര്‍പറേഷന്‍ എം.ഡി: എന്‍. പ്രശാന്ത് പറഞ്ഞു. പ്രതിമാസശമ്പളം 35,000 രൂപയ്ക്കു മുകളിലുള്ള ജീവനക്കാര്‍ക്ക് 15,000 രൂപയും 35,000 രൂപയോ അതില്‍ താഴെയോ ശമ്പളമുള്ളവര്‍ക്ക് 21,000 രൂപയുമാണ് ടാബ്‌ലറ്റോ ലാപ്‌ടോപ്പോ വാങ്ങാനായി ശമ്പള അഡ്വാന്‍സ് നല്‍കുക. ജൂലൈ മാസത്തിലെ ശമ്പളം മുതലാണ് അഡ്വാന്‍സ് തിരിച്ചുപിടിച്ചു തുടങ്ങുക. 10,000 രൂപയോ അതില്‍ താഴെയോ മാത്രം അഡ്വാന്‍സ് എടുക്കുന്നവര്‍ക്ക് 15 തവണകളായി തുക തിരിച്ചടയ്ക്കാമെന്ന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏതു കമ്പനിയുടെ ഏതു മോഡല്‍ ഉപകരണം വാങ്ങണമെന്ന് അവരവര്‍ക്ക് തീരുമാനിക്കാം. ഇന്‍വോയിസ് നല്‍കുന്ന മുറയ്ക്ക് ഡീലറിന്റെയോ വിതരണക്കാരുടേയോ ഉല്‍പാദകരുടേയോ പേരില്‍ ചെക്കായാണ് തുക നല്‍കുക. അതേസമയം സര്‍ക്കാര്‍ സംരംഭമായ കോക്കോണിക്സ് തങ്ങളുടെ വിദ്യാഭ്യാസാവശ്യത്തിനുള്ള ലാപ്‌ടോപ്പുകള്‍ക്ക് അംഗീകാരം ലഭിച്ച് വിപണിയിലെത്തിക്കുന്നതുവരെ കെഐഐഡിസി ജീവനക്കാര്‍ക്ക് 11,000 രൂപ നിരക്കില്‍ തല്‍ക്കാലത്തേക്ക് ഹൈ എന്‍‍ഡ് മോ‍ഡല്‍ ലാപ്‌ടോപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. വിദ്യാഭ്യാസാവശ്യത്തിനുള്ള മോഡല്‍ വിതരണത്തിനു തയ്യാറാകുമ്പോള്‍ ആദ്യം നല്‍കിയവയ്ക്ക് കേടുപാടുകളില്ലെങ്കില്‍ കമ്പനി തിരിച്ചെടുക്കും. വിപണി വിലയേക്കാള്‍ മൂന്നു ശതമാനം വില കുറച്ച് നല്‍കി അവ വാങ്ങി തുടര്‍ന്നും ഉപയോഗിക്കാനുള്ള അവസരവും ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com