കോവിഡ് രോഗിയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല
കോവിഡ് രോഗിയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് ബാധിതന്‍ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്്.  ചികിത്സയ്ക്കിടെ ചാടിപ്പോയ ഇയാളെ ഇന്നലെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും ഇന്ന് രാവിലെ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ നിന്നും ഇയാള്‍ പുറത്തുപോയിരുന്നു. ഈ സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് കളഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ റിപ്പോര്‍ട്ട് തേടി. മദ്യപാനത്തിന് അടിമയായതിനാല്‍ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂര്‍ത്തിയാകും മുമ്പ് കടക്കാന്‍ ശ്രമം നടത്തിയതെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നു ലഭിച്ച വിവരം. കോവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്നലെ രാവിലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആനാട് സ്വദേശിയെ വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വന്ന ഇദ്ദേഹത്തിന്റെ കോവിഡ് ഫലം നെഗറ്റാവായിരുന്നു. ഡിസ്ചാര്‍ജ് നടപടി പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആശുപത്രി അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയത്.

മെഡിക്കല്‍ കോളജില്‍ നിന്ന് ഓട്ടോ വിളിച്ച് ബസ് സ്‌റ്റോപ്പില്‍ എത്തുകയും അവിടെ നിന്ന് ആനാടേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയുമായിരുന്നു. ആനാട് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും സിഐയെയും വിളിച്ച് വിവരം അറിയിക്കുയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ നിന്ന് അനധികൃതമായി ചാടിപ്പോയെന്ന് കാണിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com