മകളുടെ പഴയ ബുക്കിൽ നിന്ന് പേജ് കീറിയെടുത്തു, രാജു മരണക്കുറിപ്പ് എഴുതിയത് മക്കൾക്ക് മുന്നിൽവെച്ച്

അപ്പ എന്താണ് എഴുതുന്നതെന്നു മക്കൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്കുള്ള നിവേദനം തയാറാക്കുകയാണെന്നായിരുന്നു രാജുവിന്റെ മറുപടി
മകളുടെ പഴയ ബുക്കിൽ നിന്ന് പേജ് കീറിയെടുത്തു, രാജു മരണക്കുറിപ്പ് എഴുതിയത് മക്കൾക്ക് മുന്നിൽവെച്ച്

കൊച്ചി; കുടുംബത്തിന്റെ ദുരിതം വിവരിച്ച് രാജു ദേവസ്യ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത് മക്കളുടെ മുന്നിൽവെച്ച്. ഒൻപതാം ക്ലാസുകാരിയായ മകളുടെ പഴയ നോട്ട് ബുക്കിൽ  നിന്ന് പേജ് കീറിയായിരുന്നു തന്റെ മരണക്കുറിപ്പ് എഴുതിയത്. അപ്പ എന്താണ് എഴുതുന്നതെന്നു മക്കൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്കുള്ള നിവേദനം തയാറാക്കുകയാണെന്നായിരുന്നു രാജുവിന്റെ മറുപടി. ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്നങ്ങളും മൂലം മുഖ്യമന്ത്രിക്കു കത്തെഴുതിവെച്ചാണ് ഹോട്ടൽ ജീവനക്കാരനായ കടുത്തുരുത്തി വെള്ളാശേരി കാശാം കാട്ടിൽ രാജു ദേവസ്യ തൂങ്ങിമരിച്ചത്.

ജോലി ഇല്ലാതായിട്ട് മൂന്ന് മാസമായെന്നും എട്ടു വർഷമായി വാടക വീട്ടിലാണ് കഴിയുന്നതെന്നുമാണ് രാജു കുറിപ്പിൽ എഴുതിയിരുന്നത്. കൂടാതെ മക്കൾക്ക് ഓൺലൈൻ പഠനം നടത്താനായി സൗകര്യം ചെയ്തുകൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖവും പങ്കുവെച്ചിരുന്നു. അച്ഛൻ എഴുതിയ കത്ത് വായിച്ചെങ്കിലും അതിൽ ജീവനൊടുക്കുന്നതിനെപ്പറ്റി ഒന്നും പറയാത്തതിനാൽ ഇവർ സംശയിച്ചില്ല. മക്കൾക്കു ഭക്ഷണം തയാറാക്കി നൽകിയശേഷമാണു രാജു അമ്മയെ കാണാനായി സഹോദരന്റെ വീട്ടിലേക്കു പോയത്. അവിടെയാണ് രാജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് രാജു ജീവനൊടുക്കിയത്.

സംഭവത്തിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. കലക്ടർ എം. അഞ്ജനയുടെ നിർദേശനുസരണം വൈക്കം തഹസിൽദാർ എസ്. ശ്രീജിത്ത് ഇന്നു റിപ്പോർട്ട് കൈമാറും. അതിനിടെ രാജുവിന്റെ  കുടുംബത്തിനു പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി വഴി വീട് അനുവദിച്ചു. കൂടാതെ വീട് നിർമിച്ചു നൽകുമെന്നു കേരള കോൺഗ്രസ് എം (ജോസ് വിഭാഗം ) ചെയർമാൻ ജോസ് കെ. മാണിയും അറിയിച്ചു. രാജു വാങ്ങിയ സ്ഥലത്താണ് വീട് നിർമിക്കുക. രാജുവിന്റെ കുടുംബത്തിന് സഹായവുമായി നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്.

ജോലി നഷ്ടപ്പെട്ട് ദുരിതക്കയത്തിലായതോടെയാണ് രാജു ജീവനൊടുക്കിയത്. ജോലി നഷ്ടപ്പെട്ടപ്പോൾ ലോട്ടറി കച്ചവടം നടത്താനായിരുന്നു രാജുവിന്റെ ശ്രമം.  മക്കൾ എയ്ഞ്ചലിനും  ഇമ്മാനുവലിനും കഴിഞ്ഞ ദിവസം  ക്ലാസ് തുടങ്ങിയെങ്കിലും നോട്ട് എഴുതാൻ ബുക്കുകളുണ്ടായിരുന്നില്ല.  പഠനത്തിനു സ്മാർട്ട് ഫോൺ വാങ്ങാൻ മകളുടെ കമ്മൽ വിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സഹോദരൻ വിലക്കുകയായിരുന്നു. രാജുവിന് പ്രമേഹവും മുട്ടുവേദനയും ഉണ്ടായിരുന്നു.ഇതിനുള്ള മരുന്നു വാങ്ങാനുമായില്ല. സഹോദരങ്ങൾ ഹോട്ടൽ ജോലി ചെയ്തും കൂലിപ്പണിയെടുത്തുമാണ് കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com