രാഹുൽ ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സരിത എസ് നായരുടെ ഹർജി; സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സരിതയുടെ ആവശ്യം
രാഹുൽ ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സരിത എസ് നായരുടെ ഹർജി; സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും


കൊച്ചി; വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തന്റെ നാമനിര്‍ദേശ പത്രിക തള്ളിയ വരാണധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.  വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സരിതയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

ക്രമിനിൽ കേസിൽ തടവു ശിക്ഷ ലഭിച്ചെന്ന് കണ്ടെത്തിയതോടെയാണ് സരിതയുടെ നാമനിർദേശ പത്രിക തള്ളിയത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ട് എങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരമായിരുന്നു നടപടി.
സോളാര്‍ ഇടപാടും ആയി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്.

എന്നാല്‍ ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു എന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com