രോ​ഗമില്ലെന്നു പറഞ്ഞ് ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് വിട്ടയച്ചു; വീട്ടിലെത്തി പിറ്റേ ദിവസം കോവിഡ് സ്ഥിരീകരിച്ചു

മുംബൈയിൽ നിന്ന് മടങ്ങിയെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു യുവാവ്
രോ​ഗമില്ലെന്നു പറഞ്ഞ് ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് വിട്ടയച്ചു; വീട്ടിലെത്തി പിറ്റേ ദിവസം കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ; കോവിഡ് ബാധിതനല്ലെന്ന് പറഞ്ഞ്  ക്വാറന്റീൻ കേന്ദ്രത്തിൽനിന്ന് വീട്ടിലേക്ക് പറഞ്ഞയച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ നഗരസഭയിൽ താമസിക്കുന്ന ഇരുപത്തിയാറുകാരനാണ് 16 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേന്ന് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്ന് മടങ്ങിയെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു യുവാവ്. സ്രവപരിശോധന നടത്തിയെങ്കിലും രോ​ഗമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

ഇതോടെ യുവാവിന്റെ കുടുംബാം​ഗങ്ങളെല്ലാം നിരീക്ഷണത്തിലായി. ഇയാളുടെ അമ്മ, അച്ഛൻ, അമ്മൂമ്മ, സഹോദരൻ എന്നിവരോട്  വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ദുബായിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ മാർച്ച് ഒൻപതിനാണ് മുംബൈയിൽ എത്തിയത്. ലോക്ഡൗണിനെ തുടർന്ന് ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു. മേയ് 23-ന് ബസ് മാർഗം നാട്ടിലെത്തി നഗരസഭാ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായി. ശനിയാഴ്ച പരിശോധനയ്ക്കായി ഇയാളുടെ സ്രവം എടുത്തിരുന്നു.

പരിശോധനാ ഫലം വൈകിയതാണ് കോവിഡ് ബാധിതനെ വീട്ടിലേക്ക് പറഞ്ഞയയ്ക്കാൻ കാരണം എന്നാണ് ആരോ​ഗ്യവകുപ്പ് ജീവനക്കാർ നൽകുന്ന വിശദീകരണം. കോവിഡ് പോസിറ്റീവ് ആണെങ്കിൽ 48 മണിക്കൂറിനുള്ളിൽ അറിയിക്കും. അല്ലാത്തപക്ഷം വീട്ടിലേക്ക് മടങ്ങാമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പറഞ്ഞതോടെയാണ് യുവാവ് വീട്ടിലേക്ക് മടങ്ങിയത്.  തിങ്കളാഴ്ച വൈകുന്നേരത്തോടെ അധികൃതരുടെ അനുവാദത്തോടെ സ്വന്തം കാറിൽ വീട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ച് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ആംബുലൻസിൽ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com