'സര്‍ക്കാര്‍ ഞങ്ങളോട് പക വീട്ടുകയാണ്; ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ 32 വിദ്യാര്‍ത്ഥികള്‍ മിഴിച്ചുനില്‍ക്കുന്നു'

ആദിവാസി, ദലിത് കുടുംബങ്ങളില്‍ നിന്നുള്ള ഈ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ടിവി സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല.
'സര്‍ക്കാര്‍ ഞങ്ങളോട് പക വീട്ടുകയാണ്; ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ 32 വിദ്യാര്‍ത്ഥികള്‍ മിഴിച്ചുനില്‍ക്കുന്നു'


കൊല്ലം: സമരം ചെയ്യുന്നവരോടുള്ള പക കാരണം തങ്ങളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അരിപ്പ സമരഭൂമിയിലെ കുടില്‍കെട്ടി താമസക്കാര്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് ആഴ്ചകള്‍ കഴിയുമ്പോഴും തങ്ങളുടെ കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

വൈദ്യുതി ഇല്ലാത്ത സമരഭൂമിയിലെ കുടിലുകളില്‍ താമസിക്കുന്ന 32 വിദ്യാര്‍ത്ഥികളാണ് ആറ് സ്‌കൂളുകളിലായി പഠിക്കുന്നത്. ഈ കുട്ടികള്‍ക്ക്
വിദ്യാഭ്യാസ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കുളത്തൂപ്പുഴ പഞ്ചായത്തിനും പരാതി നല്‍കിയിട്ടും ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ഇവര്‍ പറയുന്നു.

'സര്‍ക്കാര്‍ പക വീട്ടുകയാണ്'

ആദിവാസി, ദലിത് കുടുംബങ്ങളില്‍ നിന്നുള്ള ഈ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ടിവി സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. സമരഭൂമിയില്‍ നാല് കൗണ്ടറുകളിലായാണ് കുടുംബങ്ങള്‍ താമസിച്ചുവരുന്നത്. ഓരോ കൗണ്ടറുകളിലും നൂറോളംപേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പന്തലുണ്ട്. ഇവയ്ക്ക് സമീപത്തുകൂടി വൈദ്യുതി ലൈന്‍ കടന്നുപോകുന്നുമുണ്ട്. സമരഭൂമിയിലേക്ക് വൈദ്യുതി ലഭ്യമാക്കി ടെലിവിഷന്‍ സ്ഥാപിക്കുകയോ, വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ വിതരണം ചെയ്യുകയോ, അധ്യാപകരുടെ സാന്നിധ്യത്തിലുള്ള പഠനമുറി സ്ഥാപിക്കുകയോ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ഒന്നാംക്ലാസുമുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികളാണ് ഇവിടെയുള്ളത്. ആറ് സ്‌കൂളുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. എന്നാല്‍ ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിച്ചതിന് ശേഷം ഒരു സ്‌കൂള്‍ ഒഴികെ മറ്റാരും കുട്ടികളുടെ പഠന കാര്യം അന്വേഷിച്ച് എത്തിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

സര്‍ക്കാര്‍ തങ്ങളോട് പക വീട്ടുകയാണെന്നും മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് സമരഭൂമിയില്‍ കുടുങ്ങിപ്പോയ ആളുകള്‍ക്ക് കൃത്യമായ ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മണ്ണെണ്ണ വെളിച്ചത്തിന്റെ സഹായത്തില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നത് കനത്ത വെല്ലുവിളിയാണ്. എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്നും ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം മുടങ്ങില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് മുപ്പതോളം കുട്ടികള്‍ എന്തുചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കുന്നത്- ശ്രീരാമന്‍ പറഞ്ഞു.

'സന്നദ്ധ സേവനത്തിന് ടിവി ചലഞ്ചുമായി സജീവമായി രംഗത്ത് നില്‍ക്കുന്ന യുവജന,വിദ്യാര്‍ത്ഥി സംഘടനകള്‍ പോലും സമരഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പ്ലസ് ടുവില്‍ പഠിക്കുന്ന നാലുകുട്ടികള്‍ ആദിവാസികളാണ്. കഴിഞ്ഞതവണ കുട്ടികളെ ക്യാന്‍വാസ് ചെയ്യാനെത്തിയ പല സ്‌കൂളുകളും ഇത്തവണ വന്നില്ല.' - ശ്രീരാമന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റിദ്ധാരണ പരത്തുന്നെന്ന് പഞ്ചായത്ത്

എന്നാല്‍ സമരഭൂമിക്കാരുടെ ആരോപണം അപ്പാടെ തള്ളുകയാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്. സമരക്കാര്‍ മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുയാണെന്നാണ് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈല ബീവി പറയുന്നത്.

'വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളെ കണ്ടെത്താനായി കഴിഞ്ഞദിവസം കമ്മിറ്റി കൂടിയിരുന്നു. ഏഴ് കുട്ടികളാണ് സമരഭൂമിയില്‍ നിന്ന് ഉള്ളതെന്നാണ് അധ്യാപകര്‍ നല്‍കിയ വിവരം. ഇതനുസരിച്ച് പഞ്ചായത്ത് കമ്മിറ്റി കൂടി വേണ്ട നടപടികള്‍ സ്വീകരിക്കും. ഭക്ഷണ കിറ്റ് നല്‍കിയാല്‍ കിട്ടിയില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് സമരഭൂമിക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്- ലൈല ബീവി പറഞ്ഞു.

സമരഭൂമിയില്‍ നിന്ന് പഠിക്കാന്‍ ആദിവാസിക്കുട്ടികള്‍ ആരും ഇല്ലെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും ചിലപ്പോള്‍ ഡിഗ്രി വിദ്യാര്‍ത്ഥികളെ കൂടി കൂട്ടിയായിരിക്കണം സമരഭൂമിക്കാര്‍ 32 വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് പറയുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ആദിവാസിക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എത്രയും വേഗം സൗകര്യം ഒരുക്കിക്കൊടുക്കും. നഷ്ടപ്പെട്ട ഒരാഴ്ചത്തെ ക്ലാസ് ലഭ്യാമാക്കും. ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മറച്ചുവച്ച് സമരഭൂമിക്കാര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com