സഹ ജീവനക്കാരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; യുഡി ക്ലാർക്ക് കസ്റ്റഡിയിൽ

സഹ ജീവനക്കാരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; യുഡി ക്ലാർക്ക് കസ്റ്റഡിയിൽ
സഹ ജീവനക്കാരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; യുഡി ക്ലാർക്ക് കസ്റ്റഡിയിൽ

പാലാ: സഹ ജീവനക്കാരെ പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ യുഡി ക്ലാർക്ക് പിടിയിൽ. കടനാട് പഞ്ചായത്തോഫീസിലെ യുഡി ക്ലാർക്കാണ് സഹ ജീവനക്കാരുടെ മേൽ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചത്. തീ കത്തിക്കാൻ തീപ്പട്ടിയുരച്ചപ്പോൾ മറ്റു ജീവനക്കാർ പിടികൂടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സ്വദേശി സുനിലിനെ മേലുകാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം.

മുൻ ദിവസങ്ങളിൽ അനുമതിയില്ലാതെ അവധിയെടുത്തിരുന്ന സുനിൽ ഹാജർ ബുക്ക് ബലമായി എടുത്തത് അസിസ്റ്റന്റ് സെക്രട്ടറി വിനോയി തടഞ്ഞപ്പോഴാണ് പ്രകോപിതനായത്. പിന്നീട് പെട്രോളുമായി എത്തിയ  സുനിൽ ജീവനക്കാരുടെ മേൽ ഒഴിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പടെ നാല് ജീവനക്കാരുടെ ശരീരത്തിലാണ് പെട്രോളൊഴിച്ചത്.

തീപ്പെട്ടി ഉരച്ച് തീ ജീവനക്കാരുടെ ശരീരത്തിലേയ്ക്ക് പടർത്തുവാൻ ശ്രമിച്ചപ്പോൾ ഓടിയെത്തിയ മറ്റു ജീവനക്കാർ ബലമായി പിടിച്ചു നിർത്തുകയായിരുന്നു. ഇതിനിടയിൽ പെട്രോൾ ദേഹത്ത് വീണ ജീവനക്കാർ  ഓഫീസിൽ നിന്ന് ഇറങ്ങിയോടി. പാലായിൽ നിന്ന് അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

സുനിൽ ഓഫീസിൽ സ്ഥിരമായി എത്താറില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം പറഞ്ഞു. പല തവണ മെമ്മോയും നൽകിയിരുന്നു. ജോലിക്കു ഹാജരാകാത്ത ദിവസത്തെ ഒപ്പും വരുന്ന ദിവസം ഇടുന്ന പതിവ് ഇയാൾക്കുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

അച്ചടക്ക ലംഘനം തുടർച്ചയായ സാഹചര്യത്തിൽ സസ്‌പെൻഡ് ചെയ്യാനുള്ള നടപടിക്രമം നടത്തി വരുന്നതിനിടയിലാണ് ഓഫീസിൽ എത്തിയ സുനിൽ ജീവനക്കാർക്ക് മേൽ പെട്രോളൊഴിച്ചതെന്ന് ജെയ്സൺ പറഞ്ഞു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കാൻ ഇടയായതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com