ഉത്സവം നടത്താന്‍ കത്ത് നല്‍കിയിരുന്നു; ഇപ്പോള്‍ സ്ഥിതി മാറി; ഭക്തര്‍ക്ക് വിരുദ്ധരായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെന്ന് തന്ത്രി

ശബരിമലയിലെ ഉത്സവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നേരത്തെ കത്ത് നല്‍കിയിരുന്നുവെന്ന് തന്ത്രി മഹേഷ് മോഹനര്
ഉത്സവം നടത്താന്‍ കത്ത് നല്‍കിയിരുന്നു; ഇപ്പോള്‍ സ്ഥിതി മാറി; ഭക്തര്‍ക്ക് വിരുദ്ധരായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെന്ന് തന്ത്രി

ശബരിമല: ശബരിമലയിലെ ഉത്സവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നേരത്തെ കത്ത് നല്‍കിയിരുന്നുവെന്ന് തന്ത്രി മഹേഷ് മോഹനര്. ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകളുടെ ഭാഗമായി ആരാധാനലയങ്ങള്‍ തുറക്കാമെന്ന് നിര്‍ദേശം വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യവും അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം തുറക്കണമെന്നത്  നിര്‍ബന്ധനിയമമാണെന്ന് വിചാരിച്ചു. എട്ടാം തിയ്യതിക്ക് ശേഷമാണ് അത് നിര്‍ബന്ധിത നിയമമല്ലെന്ന് മനസിലാക്കിയത്. അതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയതെന്ന് തന്ത്രി പറഞ്ഞു.

ശബരിലമയില്‍ ഉത്സവം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനമെടുത്തതല്ല. താന്‍കൂടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഉത്സവത്തിനുളള തീയതി തീരുമാനിച്ചത്. ജൂണില്‍ ഉത്സവം നടത്താമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നതായും തന്ത്രി പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം അന്നുള്ള രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്. എല്ലാവരുടെയും ആരോഗ്യം കണക്കിലെടുത്ത് ഭക്തരുടെ പ്രവേശനവും ഉത്സവവും മാറ്റിവെക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം പറഞ്ഞത്. ഇത്തരമൊരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉത്സവം മാറ്റിവെക്കുന്നതുകൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡും തന്ത്രിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലന്ന് മഹേഷ് മോഹനര് പറഞ്ഞു.

ഭക്തര്‍ക്ക് വിരുദ്ധരായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല. രോഗവ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അത് കേള്‍ക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. ഉത്സവം മാറ്റിവെക്കണമെന്ന് തന്റെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. അതിനായി ആരും ശ്രമിച്ചിട്ടില്ല. എനിക്ക്  ഒരുപ്രത്യേക പാര്‍ട്ടിയുമായി കൂറോ ചായ്‌വോ ഇല്ലെന്നും ഭക്തരുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കിയതെന്നും തന്ത്രി പറഞ്ഞു. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍  മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ വര്‍ഷത്തെ ഉത്സവാഘോഷം വേണ്ടന്ന് വച്ചതായും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com