ഐടി സ്ഥാപനങ്ങള്‍ക്ക് മൂന്നുമാസത്തേക്ക് വാടക ഇളവ്; 'വര്‍ക്ക് നിയര്‍ ഹോം' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

പ്രവര്‍ത്തന മൂലധനമില്ലാതെ വിഷമിക്കുന്ന ധാരാളം കമ്പനികളുണ്ട്. അവര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച ചെയ്യും.
ഐടി സ്ഥാപനങ്ങള്‍ക്ക് മൂന്നുമാസത്തേക്ക് വാടക ഇളവ്; 'വര്‍ക്ക് നിയര്‍ ഹോം' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറ വിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നു മാസത്തേക്ക് വാടക ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍യ 2020-21 വര്‍ഷത്തില്‍ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തെരഞ്ഞെടുക്കാം.

വാടകയിലെ വാര്‍ഷിക വര്‍ധന ഒഴിവാക്കുന്നത് പരിഗണിക്കും. ഇതില്‍ തീരുമാനമെടുത്താല്‍ 2021-22 വര്‍ഷത്തെ വാടക നിരക്കില്‍ വര്‍ധന ഉണ്ടാകില്ല. സര്‍ക്കാരിനു വേണ്ടി ചെയ്ത ഐടി പ്രൊജക്ടുകളില്‍ പണം കിട്ടാനുണ്ടെങ്കില്‍ അവ പരിശോധിച്ച് ഉടനെ അനുവദിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

പ്രവര്‍ത്തന മൂലധനമില്ലാതെ വിഷമിക്കുന്ന ധാരാളം കമ്പനികളുണ്ട്. അവര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച ചെയ്യും. സംസ്ഥാന ഐടി പാര്‍ക്കുകളിലെ 88 ശതമാനം കമ്പനികളും എംഎസ്എംഇ രജിസ്‌ട്രേഷന്‍ ഉള്ളവയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ അവര്‍ക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശനിരക്ക് നിലവിലുള്ളതു തന്നെയായിരിക്കും. ഇതിന്റെ അനൂകൂല്യം പരമാവധി ലഭിക്കുന്നതിന് ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളില്‍ കേരളത്തിലെ ഐടി കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള നിര്‍ദേശത്തിന്മേല്‍ നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിധത്തില്‍ പിന്തുണ ലഭ്യമാക്കുമ്പോള്‍ ഐടി കമ്പനികള്‍ സഹകരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ട്. അത് പ്രധാനമായും തൊഴിലാളികളുടെ ജോലി സുരക്ഷ സംബന്ധിച്ചാണ്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുസരിച്ച് ജീവനക്കാര്‍ മടങ്ങിയെത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ കോവിഡ് നിബന്ധനകളും പാലിക്കണം. പരമാവധി പേരെ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാന്‍ അനുവദിക്കണം.

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ജീവനക്കാരുണ്ട്. നെറ്റ് കണക്ഷന്‍ തകരാറിലായാലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാതായാലും വൈദ്യുതി നിലച്ചാലും സ്വയം പരിഹരിക്കേണ്ട സ്ഥിതിയുണ്ട്. ഇതുണ്ടാക്കുന്ന അനിശ്ചിതത്വം ജീവനക്കാരുടെയും കമ്പനിയുടെയും ഉല്‍പാദനക്ഷമതയെ ബാധിക്കും. ഈ പ്രശ്‌നത്തിന് പരിഹാരമായി ഐടി കമ്പനികളുമായി ചേര്‍ന്ന് 'വര്‍ക്ക് നിയര്‍ ഹോം' യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണ്.

നിലവിലുള്ള ജീവനക്കാരുടെ പ്രവര്‍ത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കില്‍, അത്തരം ജീവനക്കാരെ ഒരു വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറ്റുകയും അവരുടെ വിവരങ്ങള്‍ സംസ്ഥാന ഐടി വകുപ്പ് നിര്‍ദേശിക്കുന്ന നോഡല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുകയും വേണം. ഇങ്ങനെ വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറുന്നവര്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന നൈപുണ്യവികസന പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം. ഉചിതമായ ശേഷി ആര്‍ജിക്കുന്ന മുറയ്ക്ക് അവരെ പുതിയ പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്തണം.

വര്‍ക്ക് ഷെയറിങ് ബഞ്ചിലുള്ളവരുടെ സേവനം മറ്റ് കമ്പനികള്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഉപയോഗിക്കാന്‍ അനുമതി നല്‍കണം. അത്തരം പ്രവൃര്‍ത്തികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഈ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് വിനിയോഗിക്കുന്നതിന് പരിഗണിക്കണം. വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറ്റപ്പെടുന്ന ജീവനക്കാരെ മുഴുവന്‍ പുതിയ പ്രൊജക്ടുകളില്‍ നിയമിച്ച ശേഷമേ പുറമെ നിന്ന് ആളുകളെ എടുക്കാവൂ എന്ന നിര്‍ദേശം കൂടി സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com