നാലു ജില്ലകളില്‍ ആശങ്ക, മലപ്പുറത്തും പാലക്കാടും 150ലധികം, തൃശൂരും കണ്ണൂരും നൂറിന് മുകളില്‍; ചികിത്സയിലുളളവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍

സംസ്ഥാനത്ത് ഇന്ന്  83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 1258 ആയി ഉയര്‍ന്നു
നാലു ജില്ലകളില്‍ ആശങ്ക, മലപ്പുറത്തും പാലക്കാടും 150ലധികം, തൃശൂരും കണ്ണൂരും നൂറിന് മുകളില്‍; ചികിത്സയിലുളളവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 1258 ആയി ഉയര്‍ന്നു. കണ്ണൂരിലും പാലക്കാടും മലപ്പുറത്തും തൃശൂരിലും നൂറിലധികം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഏറ്റവുമധികം രോഗികള്‍ ഉളളത് മലപ്പുറത്താണ്. 185 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉളളത്.

പാലക്കാടാണ് തൊട്ടുപിന്നില്‍. 178 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരില്‍ ഇത് 123 ആണ്. തൃശൂരില്‍ ഇന്ന് 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം 140 ആയി ഉയര്‍ന്നു. കാസര്‍കോട് 96 പേര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യഥാക്രമം 63, 94, 78, 76,47,26 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ കണക്ക്.

എറണാകുളത്ത് 55 പേരാണ് ചികിത്സയില്‍ ഉളളത്. കോഴിക്കോട് 77, വയനാട് 22, എന്നിങ്ങനെയാണ് അവശേഷിക്കുന്ന ജില്ലകളുടെ കോവിഡ് കണക്കുകള്‍. ഇന്ന് 62 പേര്‍ കോവിഡ് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി സംഭവിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി വിജയന്‍.

കണ്ണൂര്‍ ഇരിട്ടി സ്വദേശിക്ക് ഗുരുതര കരള്‍ രോഗം ഉണ്ടായിരുന്നു. ഇന്നലെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 37 പേര്‍ക്കും രോഗബാധ കണ്ടെത്തി. സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കാണ് കോവിഡ് ബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. തൃശൂരില്‍ നാലു ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നാലുപേര്‍ വെയര്‍ഹൗസില്‍ ഹെഡ് ലോഡിങ് തൊഴിലാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി 7, തമിഴ്‌നാട് , കര്‍ണാടക നാലുവീതം, പശ്ചിമബംഗാള്‍, മധ്യപ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍. കോവിഡ് സ്ഥിരീകരിച്ചവരില്‍ 25 പേര്‍ തൃശൂര്‍ ജില്ലക്കാരാണ്.പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍.

തിരുവനന്തപുരത്ത് ചികിത്സയിലുളള 16 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് 13, കണ്ണൂര്‍ 8, തൃശൂര്‍ 7, എറണാകുളം 6, കാസര്‍കോട് 5, കോഴിക്കോട് 3, മലപ്പുറം 2 , കൊല്ലം 2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ മറ്റു ജില്ലകള്‍ തിരിച്ചുളള കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com