ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം അതിര്‍ത്തി കടത്തിവിട്ടു, അന്വേഷണത്തിന് ഉത്തരവ് ; പാലക്കാട് ഇനിയും കോവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് മന്ത്രി ബാലന്‍

ജില്ലാ ആശുപത്രിയിലെ കോവിഡ് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞു
ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം അതിര്‍ത്തി കടത്തിവിട്ടു, അന്വേഷണത്തിന് ഉത്തരവ് ; പാലക്കാട് ഇനിയും കോവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് മന്ത്രി ബാലന്‍

പാലക്കാട് : ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം പരിശോധന നടത്താതെ അതിര്‍ത്തി കടത്തിവിട്ടതില്‍ തമിഴ്‌നാട് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മന്ത്രി എ കെ ബാലന്‍. ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം കോവിഡ് പരിശോധന നടത്താതെ പാലക്കാട്ടെത്തിച്ച് സംസ്‌കരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.മൃതദേഹവുമായി വന്ന ആംബുലന്‍സ് എങ്ങനെ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നു എന്നതും ദുരൂഹമാണ് എന്നും മന്ത്രി പറഞ്ഞു.

 മരിച്ച വ്യക്തിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്‌കാരം നടത്തിയ ശ്മശാനം അടച്ചു. കഴിഞ്ഞമാസം 22നാണ് ചെന്നൈയില്‍ ചായക്കട നടത്തിയിരുന്ന 52കാരന്‍ മരിച്ചത്. അന്നുതന്നെ വാളയാര്‍ വഴി മൃതദേഹം രാത്രി പതിനൊന്നരയോടെ വട്ടെക്കാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. മകനും ഭാര്യയും ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം കൊണ്ടുവരുന്നതിന് ആരുടെ അനുമതിയാണ് ഉണ്ടായിരുന്നതെന്ന് ആര്‍ക്കും അറിയില്ല. എലവഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മൃതദേഹം വീട്ടില്‍ കയറ്റാതെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഏറ്റവും അധികമുള്ള പാലക്കാട് ജാഗ്രത ശക്തമാക്കുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞു. പാലക്കാട് ഇനിയും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കോവിഡ് രോഗികളെ ചികില്‍സിക്കുന്ന പാലക്കാട് ജില്ലാ ആശുപത്രിയിലെ സൗകര്യം മതിയാകില്ല. ഇപ്പോള്‍ അവിടെ സാധാരണ രോഗികളുടെ വാര്‍ഡും കോവിഡ് ഐസൊലേഷന്‍ വാര്‍ഡും അടുത്തായിട്ടാണ്. ഇത് രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു.

ഇതു കണക്കിലെടുത്ത് ജില്ലാ ആശുപത്രിയിലെ കോവിഡ് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ജില്ലാ ആശുപത്രിയില്‍ നിരീക്ഷിക്കും. ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏകോപനത്തിനായി ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com