പൂജാരിമാരില്‍ നിന്ന് പ്രസാദം വാങ്ങിയാല്‍ കൊറോണ പകരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്; ഹോട്ടലുകളില്‍ നിന്ന് വൃത്തികെട്ട പൊറാട്ടയും ചിക്കനും വാങ്ങുമ്പോള്‍ കോവിഡ് പകരില്ലേയെന്ന് മുരളീധരന്‍

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നത് കൊണ്ട് ആര്‍ക്കും കോവിഡ് പകര്‍ന്നിട്ടില്ലെന്ന് കെ മുരളീധരന്‍
പൂജാരിമാരില്‍ നിന്ന് പ്രസാദം വാങ്ങിയാല്‍ കൊറോണ പകരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്; ഹോട്ടലുകളില്‍ നിന്ന് വൃത്തികെട്ട പൊറാട്ടയും ചിക്കനും വാങ്ങുമ്പോള്‍ കോവിഡ് പകരില്ലേയെന്ന് മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നത് കൊണ്ട് ആര്‍ക്കും കോവിഡ് പകര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ആരാധാനലയങ്ങള്‍ തുറന്നാല്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞത് അസ്ഥാനത്തായെന്നും മുരളി കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറന്നപ്പോള്‍ ഒരു കൂട്ടര്‍ ഹിന്ദുമുന്നണിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഭക്തരുടെ മേല്‍ അത്തരത്തില്‍ ഒരു സംഘടനയ്ക്കും അവകാശമില്ല. കേന്ദ്രസര്‍ക്കാര്‍ തുറക്കാന്‍ പറയുകയാണ്. കേന്ദ്രമന്ത്രി അടയ്ക്കാന്‍ പറയുകയാണ്. ഇതിലൂടെ എങ്ങനെ മതസ്പര്‍ധ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കെ സുരേന്ദ്രനും വി മുരളീധരനും ശ്രമിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

നാലമ്പലത്തിനകത്ത് കയറിക്കൂടാ  എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനകത്താണോ കൊറോണയുള്ളത്. പുറത്ത് നിന്ന് തൊഴണമെന്നാണ്. വെറുതെ ചെന്ന് കൊടിമരത്തിന്റെ പിന്നില്‍ തൊഴുതാല്‍ മതിയോ. ഭക്തരെ പോകാന്‍ അനുവദിക്കുകയാണെങ്കില്‍ മര്യാദക്ക് ദര്‍ശനം നടത്താന്‍ കഴിയണം. പൂജാരിമാര്‍ പ്രസാദം തന്നാല്‍ കൊറോണ പകരുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഹോട്ടലുകളില്‍  ചെന്ന് വൃത്തിയില്ലാത്ത പൊറാട്ടയും ചിക്കനും വാങ്ങിയാല്‍ കൊറോണ വരുമെന്ന് ആരും പറയുന്നില്ല. ഇപ്പോള്‍ ക്ഷേത്രദര്‍ശനത്തിന് ആളുകള്‍ എത്താത്തത് കൊറോണയെ പേടിച്ചില്ല ആചാരപ്രകാരം തൊഴാന്‍ പറ്റാത്തതുകൊണ്ടാണെന്നും മുരളി പറഞ്ഞു.

മതമേധാവികളുമായി ചര്‍ച്ച നടത്തിയിട്ടാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആരാധാനലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ആരാധാനലയങ്ങള്‍ തുറക്കേണ്ടതില്ലെന്ന് അതിന്റെ മേധാവികള്‍ തീരുമാനിച്ചാല്‍ അത് തുടരുകയും ചെയ്യാം. മദ്യഷോപ്പുതുറന്നപ്പോള്‍ ആരും മിണ്ടിയില്ല. കോവിഡിന്റെ മറവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. അതുകൊണ്ടാണ് രോഗവ്യാപനം ഉണ്ടാകുന്നത്. സര്‍ക്കാര്‍ തെറ്റ് തിരുത്തണം. 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും അതിന് ശേഷം 14 ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാക്കണമെന്ന് മുരളി പറഞ്ഞു.

കേന്ദ്രം ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കറന്റ് ബില്ല് വര്‍ധിപ്പിക്കുകയാണ്. കോറോണയാണോ ഇന്ധനവിലയാണോ വര്‍ധിക്കുന്നതെന്നാണ് ജനത്തിന്  സംശയം. ഇതിനെതിരെ വലിയ സമരം നടത്തുമെന്നതുകൊണ്ടാണ് കോവിഡ് പ്രോട്ടോകോള്‍ തുടരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. ഡീസലിന്റെയും പെട്രോളിന്റെയും സെയില്‍ ടാക്‌സ് പിരിക്കാതിരിക്കുക. ഇലക്ട്രിസിറ്റി ബില്ലിലെ തെറ്റായ സമീപനം തിരുത്തുക. മൂന്ന് മാസമെങ്കിലും സാധാരണക്കാരെ വൈദ്യുതി ചാര്‍ജില്‍ നിന്ന് ഒഴിവാക്കുക. ഇത് രണ്ടും ചെയ്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com