'സ്വപ്‌നം ഇല്ലെങ്കില്‍പ്പിന്നെ എന്താണ്'; സമവായമായാല്‍ എന്തുവില കൊടുത്തും അതിരപ്പിള്ളി പദ്ധതി നടപ്പാക്കും: എം എം മണി

മുന്നണിക്കുള്ളില്‍ രണ്ടഭിപ്രായമുണ്ട്. നടപ്പാക്കേണ്ടെന്ന് സിപിഐയുടെ അഭിപ്രായമാണ്.
'സ്വപ്‌നം ഇല്ലെങ്കില്‍പ്പിന്നെ എന്താണ്'; സമവായമായാല്‍ എന്തുവില കൊടുത്തും അതിരപ്പിള്ളി പദ്ധതി നടപ്പാക്കും: എം എം മണി

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ സമാവായമുണ്ടായാല്‍ എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് മന്ത്രി എം എം മണി. ഇപ്പോള്‍ എന്‍ഒസി പുതുക്കി എന്നേയുള്ളു. പദ്ധതി വേണ്ടെന്ന് ഇടത് മുന്നണി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണിക്കുള്ളില്‍ രണ്ടഭിപ്രായമുണ്ട്. നടപ്പാക്കേണ്ടെന്ന് സിപിഐയുടെ അഭിപ്രായമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിപ്രായമുണ്ട്. പദ്ധതി നടപ്പാക്കണം എന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. സമവായമില്ലാതെ പദ്ധതി നടപ്പാക്കില്ല. സിപിഐയുടെ നിലപാട് ഞങ്ങള്‍ അംഗീകരിക്കുന്നു.
സിപിഐയും ഞങ്ങളുമായും ചിലപ്പോള്‍ തര്‍ക്കം വരും. എല്ലാ കാര്യങ്ങളിലും ഒരേ നിലപാട് വരണമെന്നില്ല. രണ്ടു പാര്‍ട്ടികള്‍ക്കും വ്യത്യസ്ഥ വീക്ഷണമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

'സ്വപ്നം കാണാമല്ലോ, സ്വപ്‌നം ഇല്ലെങ്കില്‍പ്പിന്നെ എന്താണ്. സ്വപ്‌നങ്ങള്‍ ചിലതൊക്കെ ഫലിക്കും, ചിലത് ഫലിക്കില്ല. ഇല്ലെങ്കിലും സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കും.'- സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിഹാസത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.  

അതിരപ്പിള്ളി വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ. പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെന്നും കാനം അഭിപ്രായപ്പെട്ടു. അതിരപ്പിള്ളി വിഷയം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസ്താവനയിലാണ് കാനത്തിന്റെ പരിഹാസം.

അതിരപ്പിള്ളി പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ്. പ്രകടനപത്രികയില്‍പ്പോലും അതിരപ്പള്ളി ഇല്ല. അതിരപ്പിള്ളി പദ്ധതിയെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com