തൃശൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തൃശൂരില്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍
തൃശൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍

തൃശൂര്‍: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തൃശൂരില്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. തൃശൂരില്‍ സാമൂഹിക വ്യാപനം ഇതുവരെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ മാത്രം ജില്ലയില്‍ 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നല്ലൊരു ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നിലവില്‍ 204 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 140 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം ഉയരുന്നതും ജില്ലയില്‍ ആശങ്ക പരത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോവിഡ് അവലോകന യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ പത്ത് സ്ഥലങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എ സി മൊയ്തീന്‍ പറഞ്ഞു. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ ആവശ്യകതയില്ല എന്നാണ് യോഗം വിലയിരുത്തിയത്. നിലവില്‍ ജില്ലയില്‍ അപകടകരമായ സാഹചര്യം ഇല്ല. അതിനാല്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ആവശ്യം ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കണക്കുകൂട്ടിയതിന് അനുസരിച്ചാണ് രോഗവ്യാപനം ഉണ്ടാകുന്നത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ രോഗികളുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചിലര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സമൂഹത്തിനോട് ചെയ്യുന്ന ദ്രോഹമാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡ്തല സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മാത്രം 919 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ പുറത്തുനിന്ന് വരുന്ന സാഹചര്യത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. മെഡിക്കല്‍ കോളജില്‍ 200 ബെഡുകള്‍ സജ്ജമാണ്. ഇതിന് പുറമേ ഇഎസ്‌ഐ ആശുപത്രിയില്‍ 80 ബെഡ് സജ്ജമാക്കും. ചെസ്റ്റ് ഹോസ്പിറ്റല്‍ 180, ചാലക്കുടി ആശുപത്രി 54, കൊരട്ടി ഫസ്റ്റ് ലൈന്‍ സെന്റര്‍ 80, കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രി 80 എന്നിങ്ങനെ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com