'അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ'

'അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ'
'അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ'

ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും തമ്മില്‍ വിവാഹിതരാവുന്നതിനെ പൊതു ഇടത്തില്‍ ചര്‍ച്ചാവിഷയമാക്കുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. അന്യന്റെ ജീവിത്തില്‍ മാന്യതയില്ലാതെ കൈകടത്താന്‍ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് പലപ്പോഴും മലയാളിയുടെ പ്രതികരണമെന്ന് അദ്ദേഹം കുറിപ്പില്‍ കുറ്റപ്പെടുത്തി. ദുരന്തകാലത്തിലും അവരെ അലട്ടുന്ന പ്രധാന പ്രശ്‌നം അന്യന്റെ ജീവിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ബെന്യാമിന്റെ കുറിപ്പ്:

ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ അവനു സ്വാതന്ത്ര്യവും ഉണ്ട്. ഇതര മനുഷ്യര്‍ക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താന്‍ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ല. പക്ഷേ അന്യന്റെ ജീവിതത്തിനുമേല്‍ മാന്യതയില്ലാതെ കൈകടത്താന്‍ തനിക്ക് അവകാശമുണ്ട് എന്ന മട്ടിലാണ് പലപ്പോഴും മലയാളിയുടെ പ്രതികരണം. ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരു ബീച്ചില്‍ പോയിരുന്നാല്‍ പോലും പിന്നാലെ പമ്മിച്ചെന്നു നോക്കുന്ന ഒരു വിഭാഗം മലയാളിയല്ലാതെ മറ്റാരും ഈ ലോകത്തില്‍ തന്നെ കാണില്ല. വിദ്യാഭ്യാസപരമായി നാം കുറെ വളര്‍ന്നിട്ടുണ്ടവാം. പക്ഷേ മാനസികമായി നാം ഏറെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് ഓരോ അനുഭവങ്ങളും നിരന്തരം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

വളരെ അടുത്തറിയാവുന്ന ചിലരുടെ പോലും ഫേസ് ബുക്ക് പോസ്റ്റുകള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് പറയേണ്ടി വരുന്നത്. വിഷയം: മുഹമ്മദ് റിയാസും വീണയും വിവാഹിതാകുന്നു. ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? അഞ്ച് വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയ ഒരു പുരുഷന്‍. നാലു വര്‍ഷം മുന്‍പ് വിവാഹ മോചനം നേടിയ ഒരു സ്ത്രീ. അവര്‍ക്കിഷ്ടമാണെങ്കില്‍ അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിനിവിടെ നിയമം അനുവദിക്കുന്നുമുണ്ട്. രണ്ടുപേരുടെയും മുന്‍ പങ്കാളികള്‍ക്ക് അതൊരു വിഷയവുമല്ല. പുനര്‍ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തില്‍ അവരുടെ തീരുമാനം നിശ്ചയമായും മാതൃകാപരമാണ്.

എന്നാലും അതിനു 'ഞങ്ങളുടെ അനുവാദം' വേണം എന്ന മട്ടിലാണ് ചില പ്രതികരണങ്ങള്‍. ആ വാര്‍ത്ത കേട്ട് ഹാലിളകിപ്പോയ ചിലരാവട്ടെ അധിഷേപവും പരിഹാസവും കൊണ്ട് പൊതു ഇടങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. ചിലര്‍ അതില്‍ ജാതിയും മതവും കലര്‍ത്തുന്നു. ചിലരാവട്ടെ അതില്‍ അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഗൂഡാലാചന സിദ്ധാന്തം ചമക്കുന്നു. എന്തൊരു കഷ്ടമാണ് മലയാളി നിന്റെ കാര്യം! ഈ ദുരന്തകാലത്തിലും നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം അന്യന്റെ ജീവിതമാണല്ലോ. അതില്‍ നിന്ന് കണ്ണെടുക്കാന്‍ നിന്റെ അശ്ലീല മനസിനു കഴിയുന്നില്ലല്ലോ.

അപരന്റെ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താതിരിക്കാനുള്ള മാന്യത ഇനിയെങ്കിലും മലയാളി കാണിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഈ വൈകൃതങ്ങള്‍ കണ്ട് ഇതര സമൂഹങ്ങള്‍ നമ്മെ പരിഹസിക്കും. നാം നേടി എന്നു പറയുന്ന സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയെ അവര്‍ ചോദ്യം ചെയ്യും.

റിയാസിനും വീണയ്ക്കും ആശംസകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com