ഗതാഗതനിയമം ലംഘിച്ചാല്‍ ഇനി സ്‌പോട്ടില്‍ പിഴ  ; ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ഫൈന്‍ അടയ്ക്കാം

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷണാര്‍ഥത്തില്‍ പദ്ധതി നടപ്പാക്കുന്നത്
ഗതാഗതനിയമം ലംഘിച്ചാല്‍ ഇനി സ്‌പോട്ടില്‍ പിഴ  ; ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ഫൈന്‍ അടയ്ക്കാം

തിരുവനന്തപുരം :  ഗതാഗത നിയമലംഘനങ്ങളുടെ പിഴയുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ മോട്ടോര്‍ വാഹന വകുപ്പ്  നിര്‍ത്തുന്നു. പകരം സ്‌പോട്ടില്‍ തന്നെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ പിഴ അടയ്ക്കാം. ഓണ്‍ലൈനില്‍ പണം സ്വീകരിക്കാന്‍ കഴിയുന്ന കാര്‍ഡ് സൈ്വപ്പിങ് മെഷീനുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനാ സ്‌ക്വാഡുകള്‍ക്ക് നല്‍കി.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷണാര്‍ഥത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 600 പോയന്റ് ഓഫ് സെയില്‍സ് (പിഒഎസ്) മെഷീനുകള്‍ വിതരണം ചെയ്യും.

കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത് കോടതിയെ അറിയിക്കുന്ന ചെക്ക് റിപ്പോര്‍ട്ടുകളും ഓണ്‍ലൈനിലാക്കിയിട്ടുണ്ട്. ഇ-ചെലാന്‍ എന്ന സോഫ്റ്റ് വെയറാണ് ഇതിനുപയോഗിക്കുന്നത്. വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന്‍ സാരഥി സോഫ്റ്റ് വെയറുമായി ചേര്‍ന്നാണ് ഇ-ചെലാന്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, പിഒഎസ് എന്നിവ ഉപയോഗിച്ച് ചെക്ക് റിപ്പോര്‍ട്ട് തയാറാക്കാം.

കൈയില്‍ പണമില്ലാത്തവര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം. അതിന് തയാറായില്ലെങ്കില്‍ ചെക്ക് റിപ്പോര്‍ട്ട് വാഹന്‍ സാരഥി വെബ്‌സൈറ്റിലേക്ക് അപ് ലോഡ് ചെയ്യും. ഓണ്‍ലൈനില്‍ പിഴ അടയ്ക്കാതെ തുടര്‍ സേവനങ്ങള്‍ ലഭിക്കില്ല. ഉദ്യോഗസ്ഥര്‍ എഴുതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് ഓഫീസ് ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു. പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തപ്പോഴാണ് കേസ് കോടതിക്ക് കൈമാറിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com